ADVERTISEMENT

ബത്തേരി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനങ്ങളിൽ ആശയക്കുഴപ്പം. അധ്യാപക നിയമന കൂടിക്കാഴ്ചയിൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്നതാണ് പ്രശ്നം. പല സ്കൂളുകളും താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചെങ്കിലും പെരുമാറ്റച്ചട്ട പ്രശ്നം ഉടലെടുത്തതോടെ ചില സ്കൂളുകൾ അഭിമുഖം മാറ്റി. ചില സ്കൂളുകളാകട്ടെ ജനപ്രതിനിധികളില്ലാതെ നടത്താൻ കഴിയുമോ എന്ന ആലോചനയിലാണ്.

ഇക്കാര്യത്തിൽ പലയിടത്തും ജനപ്രതിനിധികൾ നീരസം അറിയിച്ചിട്ടുമുണ്ട്.ജില്ലയിൽ നൂറു കണക്കിന് താൽക്കാലിക അധ്യാപകരെയാണ് ഓരോ വർഷവും നിയമിക്കുന്നത്. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് അധ്യാപകരുടെ കുറവ് വൻതോതിലുള്ളത്. താൽക്കാലിക അധ്യാപകരെ തിരഞ്ഞെടുക്കുമ്പോൾ സ്കൂൾ മേധാവിയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനും സബ്ജറ്റ് എക്സ്പേർട്ടുമാണ് അഭിമുഖ ബോർഡിൽ ഉണ്ടാവുക.

ചിലയിടങ്ങളിൽ പിടിഎ പ്രസിഡന്റുമാരുമുണ്ടാകും. നഗരസഭാ പരിധിയിൽ 1 മുതൽ 12 വരെ ക്ലാസുകളിൽ നഗരസഭാ സ്ഥിരസമിതി അധ്യക്ഷനും നഗരസഭകൾക്ക് പുറമേയുള്ള സ്കൂളുകളിൽ ഹൈസ്കൂൾ തലം മുതൽ ജില്ലാ പഞ്ചായത്ത് പ്രതിനിധിയും യുപി തലം വരെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയുമാണ് അഭിമുഖ ബോർഡിൽ ഉണ്ടാവുക.വോട്ടെണ്ണൽ ജൂൺ നാലിനാണെന്നിരിക്കെ അതുവരെ പെരുമാറ്റച്ചട്ടം നിലനിൽക്കുമെന്നതിനാൽ ജനപ്രതിനിധിയെ പങ്കെടുപ്പിച്ച് കൂടിക്കാഴ്ച നടത്തണമെങ്കിൽ സമയം നീളും.

അങ്ങനെ വന്നാൽ സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ പല വിഷയങ്ങൾക്കും അധ്യാപകരില്ലാതെ വരും.സ്കൂൾ തലത്തിൽ ഊരുകൂട്ട വൊളന്റിയർമാരെ നിയമിക്കുന്നതിലും ഇതേ പ്രശ്നമുണ്ട്.വൊളന്റിയർമാർ ഇല്ലാത്തത് പല കോളനികളിൽ നിന്നും കുട്ടികളെ എത്തിക്കുന്നതിനു തടസ്സമാകും. കൂടിക്കാഴ്ചകൾ നടത്തേണ്ടത് അനിവാര്യമായതിനാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം വേണമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

തിരഞ്ഞെടുപ്പ് കഴി‍ഞ്ഞതിനാൽ അഭിമുഖ ബോർഡിൽ ജനപ്രതിനിധികളുണ്ടാകുന്നത് ഒന്നിനെയും സ്വാധീനിക്കുന്ന പ്രശ്നം വരുന്നില്ല. സ്കൂളുകളുടെ ഭരണപരവും അക്കാദമികവുമായ വിഷയങ്ങളിൽ നേതൃപരമായ ഇടപെടൽ നടത്തുന്നവരെന്ന നിലയ്ക്ക് ജനപ്രതിനിധികളെ അഭിമുഖ ബോർഡിൽ നിന്ന് മാറ്റി നിർത്തുന്നത് ഉചിതമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com