ഇനി ഇത് രണ്ടാം ജന്മം; രണ്ട് കാട്ടാനകളുടെ മുന്നിൽ നിന്ന് ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
ബത്തേരി ∙ ചീറിയടുത്ത കാട്ടാനകൾക്ക് നടുവിൽ നിന്ന് ബൈക്ക് യാത്രികരുടെ ഒന്നൊന്നര രക്ഷപ്പെടൽ. സംഭവം വയനാട് വന്യജീവി സങ്കേതവും കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതവും അതിർത്തി പങ്കിടുന്ന പൊൻകുഴി മൂലെഹൊളെയിലെ ദേശീയപാത 766ൽ. ഓടിയടുത്ത കാട്ടാനയ്ക്കു മുൻപിൽ നിന്ന് മറിഞ്ഞു വീണ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു രണ്ടു പേർ. ഇടയ്ക്കൊരാൾ വീണു പോയെങ്കിലും തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെടുന്നത് പിന്നിലെത്തിയ കാർ യാത്രക്കാർ ക്യാമറയിൽ പകർത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയായിരുന്നു സംഭവം.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ. ദേശീയപാതയ്ക്കിരുവശവും വനയോരത്ത് കാട്ടാനകൾ നിലയുറപ്പിച്ചത് കണ്ട് റോഡിനു നടുവിൽ ബൈക്ക് നിർത്തി. പിന്നാലെ കാറിലെത്തിയ ബത്തേരി മാടക്കര സ്വദേശികളാണ് ദൃശ്യം പകർത്തിയത്. കൂട്ടത്തിൽ ഒരു ആന റോഡിനോട് ചേർന്നാണ് നിന്നിരുന്നത്. അതിനിടെ ഒരു ലോറിയും കാറും എതിരെ വന്ന് കടന്നു പോവുകയും ചെയ്തു. ആന അനങ്ങാതെ നിൽക്കുന്നത് കണ്ട് പ്രശ്നമുണ്ടാകില്ലെന്ന് കരുതി ബൈക്ക് മുന്നോട്ടെടുത്തു. എന്നാൽ ഞൊടിയിടയിൽ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വീണു പോയ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി. അതിനിടെ മറുവശത്തു നിന്ന ആനയും ഇവർക്കു നേരെയെത്തി. ഒരാൾ റോഡിൽ വീണു പോയെങ്കിലും ഒടുവിൽ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.