മന്ത്രി കേളുവേട്ടന് ഉജ്വല വരവേൽപ്

Mail This Article
കൽപറ്റ ∙ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തിയ ഒ.ആർ. കേളുവിന് വയനാടിന്റെ വരവേൽപ്. ഇന്നലെ വൈകിട്ടു മൂന്നോടെ ജില്ലാതിർത്തിയായ ലക്കിടിയിലെത്തിയ അദ്ദേഹത്തെ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ രക്തഹാരം അണിയിച്ച് വരവേറ്റു. തുടർന്ന് വാഹന റാലിയായി ജില്ലാ ആസ്ഥാനമായ കൽപറ്റയിലേക്ക് ആനയിച്ചു. അനുമോദന സമ്മേളനത്തിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. പാർട്ടി, വർഗബഹുജന സംഘടനാ നേതാക്കൾ ഷാൾ അണിയിച്ചു. അനുമോദന യോഗത്തിൽ ജില്ലാ നേതാക്കൾ ജില്ലയുടെ ആവശ്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

ചുരുങ്ങിയ സമയമാണുള്ളതെങ്കിലും ജില്ലയ്‌ക്കായി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. ആളുകളിൽ നിന്നു നിവേദനങ്ങൾ സ്വീകരിച്ച ശേഷം അദ്ദേഹം സ്വന്തം മണ്ഡലമായ മാനന്തവാടിയിലേക്ക് മടങ്ങി.സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്‌കുമാർ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, എൽഡിഎഫ് നേതാക്കളായ കെ.ജെ. ദേവസ്യ, സി.എം. ശിവരാമൻ, കെ.പി. ശശികുമാർ, എ.പി. അഹമ്മദ്, സണ്ണി മാത്യു, വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി, എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.