ഗവ. മെഡിക്കൽ കോളജിൽ പ്രതിസന്ധി: ആംബുലൻസ് 3 എണ്ണമുണ്ട്; പക്ഷേ, രോഗികൾ ഓടണം

Mail This Article
മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു ആംബുലന്‍സ് ഉള്‍പെടെ 3 ആംബുലന്‍സുകള്‍ കട്ടപ്പുറത്തായിട്ടും അറ്റകുറ്റപ്പണിക്കു നടപടിയില്ല. ഒരു വർഷം മുൻപ് വൈത്തിരിയിൽ നടന്ന അപകടത്തെ തുടർന്നാണ് ഐസിയു ആംബുലൻസ് കട്ടപ്പുറത്തായത്. ഒ.ആർ. കേളു എംഎൽഎയുടെ പ്രാദേശിക ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആംബുലൻസാണിത്. ഏറെ നാളത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഐസിയു ആംബുലൻസ് ഇപ്പോള്‍ മാസങ്ങളായി വർക്‌ഷോപ്പിലാണ്. ട്രാൻസ്പോർട്ട് ഓഫിസറുടെ (ഡിഎച്ച്സ്) അനുമതി വൈകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഫെബ്രുവരി 17ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ഓട്ടോറിക്ഷ ഇടിച്ച് നിസാര തകരാറുകൾ ഉണ്ടായതാണ് രണ്ടാമത്തെ ആംബുലൻസ് കട്ടപ്പുറത്താകാൻ കാരണം. രാഹുൽ ഗാന്ധി എംപി അനുവദിച്ച ഇൗ ആംബുലൻസ് നിരത്തിലിറങ്ങിയിട്ടും മാസങ്ങളായി. മൂന്നാമത്തെ ആംബുലന്‍സ് ബ്രേക്ക് തകരാറിലായതിനാല്‍ മാസങ്ങളായി ഉപയോഗിക്കാറില്ല. സാങ്കേതികത്വത്തിന്റെ പേരിൽ സാധാരണക്കാരന് ലഭിക്കേണ്ട അത്യാവശ്യ സേവനം പോലും നിഷേധിക്കപ്പെടുമ്പോൾ ഫലപ്രദമായ ഇടപെടൽ നടത്താൻ ജനപ്രതിനിധികൾക്കും കഴിഞ്ഞില്ലെന്ന ആരോപണമുയരുന്നു. പുതിയ വാഹനം നിർമിക്കാൻ പോലും ഏതാനും മാസങ്ങൾ മതിയെന്നിരിക്കെയാണ് ഒരു വർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ പോലും നടത്താത്തത്.