ജനവാസകേന്ദ്രത്തിൽ രാത്രിയും ഭീതിപരത്തി കാട്ടാനക്കൂട്ടം; പ്രതിഷേധം ശക്തം

Mail This Article
പനമരം∙ ഒരു പകൽ മുഴുവൻ ജനവാസകേന്ദ്രത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താനായില്ല. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൽ 4 എണ്ണമാണ് നേരം പുലർന്നിട്ടും മടങ്ങാതെ താഴെ നെല്ലിയമ്പം ചോയിക്കൊല്ലിക്ക് സമീപം സ്വകാര്യ കൃഷിയിടത്തിൽ നിലയുറപ്പിച്ചത്. 5 കിലോമീറ്റർ സഞ്ചരിച്ചാണ് ജനവാസകേന്ദ്രമായ താഴെ നെല്ലിയമ്പത്ത് കാട്ടാനക്കൂട്ടം എത്തിയത്. കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളെ ഇന്നലെ വൈകിട്ട് 5ന് പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പാളി. രാത്രി കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങിയില്ലെങ്കിൽ ഇന്നു രാവിലെ തുരത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
വന്യമൃഗശല്യം: കോൺഗ്രസ് ധർണ നടത്തി
പടിഞ്ഞാറത്തറ∙ മണ്ഡലം കോൺഗ്രസ് 15ാം വാർഡ് കമ്മിറ്റി കുറ്റ്യാംവയൽ ഫോറസ്റ്റ് ഓഫിസ് ധർണ സംഘടിപ്പിച്ചു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കാപ്പിക്കളം, കുറ്റാംവയൽ പ്രദേശങ്ങളിൽ കാട്ടാന ശല്യം വർധിക്കുകയും കഴിഞ്ഞ ദിവസം ബാണാസുര റിസർവോയറിൽ കടുവ എത്തുകയും ചെയ്തത് ആശങ്ക വർധിപ്പിക്കുന്നതായി സമരക്കാർ പറഞ്ഞു. ധർണ ഡിസിസി ജന. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സജി കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ.വർഗീസ്, ബെന്നി മാണിക്കോത്ത്, ബിനു തോമസ്, ഗോപി അമയമംഗലം, ഇ.കെ. പ്രഭാകരൻ, കെ.വി. ഇബ്രാഹിം, സി.എം. ലെനീഷ്, കെ.എസ്. തങ്കച്ചൻ, പി. നാസർ, കെ. ഡേവിഡ് എന്നിവർ പ്രസംഗിച്ചു.