ചെമ്പല്ലി, കട്‌ല, റോഗ്, ചേറുമീൻ...; മഴയിൽ അടിച്ചു കയറി മീനുകൾ: ആഘോഷമായി മീൻപിടിത്തം

Mail This Article
പുൽപള്ളി ∙ പുഴകളും തോടുകളും നിറഞ്ഞതോടെ കബനിയിലും കൈവഴികളിലും മീൻപിടിത്തം സജീവമായി. കലങ്ങിമറിഞ്ഞൊഴുകുന്ന പുതുവെള്ളത്തിൽ ധാരാളം മീൻകയറിവരുന്ന സമയമാണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പുഴയോരത്ത് തമ്പടിച്ച് മീൻപിടിക്കും. വീശുവല, കോരുവല, ചൂണ്ട എന്നിവയുപയോഗിച്ചാണ് മീൻപിടിത്തം. പുതുമഴയിൽ പുഴ നിറയുമ്പോൾ മുതൽ കബനിക്കരയിലേക്ക് ആളെത്തും. രാത്രി ടെന്റുകെട്ടി കാത്തുകിടന്നും മീൻപിടിക്കുന്നവരുണ്ട്. ഈ ദിവസങ്ങളിൽ പുഴയോരം സജീവമാണ്. ഒത്തുവന്നാൽ ചാകരയും. വയലോരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന പുൽമേടുകളിലേക്കും ചെറുമത്സ്യങ്ങൾ കൂട്ടമായെത്തും.
ബീച്ചനഹള്ളി അണക്കെട്ടിൽ ധാരാളം മീനുണ്ട്. വർഷാവർഷം കോടിക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ അണക്കെട്ടിൽ നിക്ഷേപിക്കാറുമുണ്ട്. ട്രോളിങ് നിരോധന കാലത്ത് വയനാട്ടുകാരുടെ മുഖ്യആശ്രയം പുഴമീൻ തന്നെ. ബീച്ചനഹള്ളി അണക്കെട്ട് ഭാഗത്ത് വലയിട്ടുപിടിക്കുന്ന മത്സ്യം രാവിലെ തന്നെ ജില്ലയിലെ വിവിധ മാർക്കറ്റുകളിലെത്തും.
പെരിക്കല്ലൂർ, മരക്കടവ്, ബാവലി, ബൈരക്കുപ്പ, കൊളവള്ളി എന്നീ അതിർത്തി പ്രദേശങ്ങളിലും പുഴമീൻ ലഭ്യതയുണ്ട്. ചെമ്പല്ലി, കട്‌ല, റോഗ്, ചേറുമീൻ, തിലോപ്പിയ, ചൊട്ടവാള, മുഷി എന്നീ ഇനം മീനാണ് സാധാരണ ലഭിക്കുക. ഡസൻ കണക്കിന് ചൂണ്ടയുമായി എത്തുന്നവർ ഇരയിട്ട് ചൂണ്ട വെള്ളത്തിലെറിഞ്ഞ് മണിക്കൂറുകളോളം കാത്തിരിക്കും. കഴിഞ്ഞദിവസങ്ങളിൽ മീൻപിടിത്തക്കാർക്ക് ധാരാളം മീൻലഭിച്ചു. മഴ കുറഞ്ഞ് വെള്ളം തെളിഞ്ഞാൽ മീൻലഭ്യത കുറയും.