ADVERTISEMENT

കൽപറ്റ ∙ വയനാടൻ കാടുകളിലെ അധിനിവേശ സസ്യമായ സെന്ന സ്പെക്ടബിലിസ് (മഞ്ഞക്കൊന്ന) നിർമാർജനത്തിന് കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റ‍ഡുമായി വനംവകുപ്പ് ഉണ്ടാക്കിയ കരാറിൽ ദുരൂഹതയെന്ന് ആരോപണം. നോർത്ത് വയനാട് ഡിവിഷൻ പരിധിയിൽനിന്ന് 500 മെട്രിക് ടൺ സെന്ന നീക്കുന്നതിനാണ് കെപിപിഎലിന് അനുമതി ലഭിച്ചിരിക്കുന്നത്. ഒരു മെട്രിക് ടൺ സെന്ന നീക്കം ചെയ്തെടുക്കുമ്പോൾ വനംവകുപ്പിനു കെപിപിഎൽ 350 രൂപ നൽകും. എന്നാൽ, പൊതുവിപണിയിൽ 2000 രൂപയാണ് ഒരു മെട്രിക് ടൺ സെന്നയുടെ വില.നിലവിൽ, നോർത്ത് വയനാട് വനം ഡിവിഷനിൽ സെന്ന കുറ്റികളും വേരുകളുമടക്കം പൂർണമായി പിഴുതുമാറ്റുമ്പോൾ മെട്രിക് ടണ്ണിന് 1800 രൂപയാണു വനംവകുപ്പിനു കരാറുകാർ നൽകുന്നത്.

എന്നാൽ, വേരോടെ പിഴുതെറിയാതെ സെന്ന എളുപ്പത്തിൽ മുറിച്ചുമാറ്റാൻ കെപിപിഎലിനോട് ഈടാക്കുന്നതു 350 രൂപ മാത്രവും. സെന്ന മുറിച്ചുമാറ്റുകയാണെങ്കിൽ കരാർ ഏറ്റെടുത്തവർക്ക് വൻ ലാഭമാണുണ്ടാകുക. നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപ്പെടുത്തിയെടുക്കാനായി അധിനിവേശ സസ്യനിർമാർജന ദൗത്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആക്ഷേപവുമായി വയനാട് പ്രകൃതിസംരക്ഷണസമിതി രംഗത്തെത്തിയിട്ടുണ്ട്.സെന്ന നിവാരണം എങ്ങനെ വേണമെന്നതിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) പോലും നിർദേശിക്കാതെയാണു കെപിപിഎലുമായുള്ള കരാർ. 

സെന്ന നിർമാർജനത്തിന് തമിഴ്നാട്ടിലെ നീലഗിരി മാതൃക വയനാട്ടിൽ അവലംബിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.നീലഗിരി ജൈവമേഖലയിൽ 350 രൂപ നിരക്കിൽ സെന്ന വേരോടെ പിഴുതുമാറ്റാനാണു തമിഴ്നാട് വനംവകുപ്പ് തമിഴ്നാട് പേപ്പർ മില്ലുമായുണ്ടാക്കിയ കരാർ. എന്നാൽ, വയനാട്ടിൽ അങ്ങനെ നിർദേശമില്ല. വിദഗ്ധരുടെ സമിതിയുണ്ടാക്കി പഠനം നടത്തി വിശദപദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കിയാണ് തമിഴ്നാട് സെന്ന നിർമാർജനം തുടങ്ങിയത്.നാഷനൽ വൈൽഡ് ലൈഫ് ബോർഡിന്റെ അംഗീകാരത്തോടെയും എസ്ഒപിയുടെ അടിസ്ഥാനത്തിലുമാണു നീലഗിരിയിലെ സെന്ന പിഴുതെറിയൽ. സെന്ന വിറ്റു കിട്ടുന്ന തുക തമിഴ്നാട് പേപ്പർ മിൽ, വനംവികസനസമിതികളുടെ അക്കൗണ്ടിൽ അടയ്ക്കണമെന്ന നിർദേശവും തമിഴ്നാട് വനംവകുപ്പ് നൽകിയിട്ടുണ്ട്.

സെന്ന മുറിച്ചുമാറ്റിയ വനപ്രദേശത്ത് വനപുനരുജ്ജീവത്തിനായി മറ്റു തൈകൾ വച്ചുപിടിപ്പിക്കണമെന്നും സെന്നത്തൈകൾ മുളച്ചുപൊങ്ങുന്നതു തടയാൻ 5 വർഷത്തേക്ക് കർമപദ്ധതി നടപ്പിലാക്കാൻ ഈ പണം ഉപയോഗിക്കണമെന്നും നിബന്ധനയുണ്ട്. എന്നാൽ, കെപിപിഎലുമായുണ്ടാക്കിയ കരാറിൽ ഇത്തരം നിബന്ധനകളൊന്നുമില്ല. സെന്ന മുറിച്ചുമാറ്റി പൊതുമേഖലാ സ്ഥാപനത്തിനു വരുമാനമുണ്ടാക്കാൻ കഴിയുമെങ്കിലും വനംവികസനസമിതികളിലേക്കു സമയബന്ധിതമായി ഈ തുകയെത്തില്ല. കരാറിൽ നിബന്ധനയില്ലാത്തതിനാൽ വനപുനരുജ്ജീവനവും നടക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com