ADVERTISEMENT

പടിഞ്ഞാറത്തറ ∙ പ്രളയത്തിൽ തകർന്ന റോഡ് നന്നാക്കാൻ നടപടി ഇല്ലാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ. പേരാൽ–മുണ്ടൻചോലക്കുന്ന് റോഡ് ആണ് 2018ലെ പ്രളയത്തിൽ തകർന്നത്. റോഡിന്റെ ഒരു വശം പൂർണമായും ഇടിഞ്ഞു താഴുകയായിരുന്നു. 30 ഗോത്ര കുടുംബങ്ങളാണ് മുണ്ടൻചോലക്കുന്നിൽ ഉള്ളത്. റോഡ് നന്നാക്കുന്നതിന് 53.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ ഇത്രയും സംഖ്യ പഞ്ചായത്തിന് അനുവദിക്കാൻ സാധ്യമല്ലാത്തതിനാൽ കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിക്കാൻ പട്ടിക ജാതി പട്ടികവർഗ സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിനു വേണ്ടി 2 വർഷം മുൻപ് നൽകി. എന്നാൽ ഇതുവരെ നടപടി ആയില്ല.

ഇടിഞ്ഞ നിലയിലായ റോഡിന്റെ താഴ്ഭാഗത്തുള്ള വീടുകളിലെ കുടുംബങ്ങൾ ഏറെ ആശങ്കയോടെയാണു കഴിയുന്നത്. വീട് ഇല്ലാതെ ഏറെ ദുരിതത്തിൽ കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ ഇവിടെയുണ്ട്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 6 വീടുകൾ നിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് സൗകര്യമില്ലാത്തതിനാൽ നിർമാണം പാതി വഴി മുടങ്ങി. വീടിന് അനുവദിച്ച തുകയുടെ ഏറിയ ഭാഗവും നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള കടത്തു കൂലി ഇനത്തിൽ ചെലവായതോടെയാണു പ്രവൃത്തി പാതി വഴി നിലച്ചത്.

കുടുംബശ്രീകളിൽ നിന്നും വ്യക്തികളിൽ നിന്നും കടം വാങ്ങി പ്രവൃത്തികൾ നടത്തുന്നുണ്ടെങ്കിലും അതും എങ്ങും എത്താത്ത അവസ്ഥയായി. പണി പൂർത്തിയാക്കാൻ പ്രവൃത്തികൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്നവരുമുണ്ട്. എന്നാൽ രോഗവും പ്രായാധിക്യവും കാരണം ജോലി ചെയ്യാൻ സാധ്യമല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. മഴ ശക്തമാകുന്നതോടെ റോഡ് കൂടുതൽ ഇടിയാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഇവിടെയുള്ള കുടുംബങ്ങളുടെ ആശങ്കയും ഏറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com