അൻപത് വയലുകാർ ചോദിക്കുന്നു; ഇത്തവണയെങ്കിലും ചുരത്തുമോ ജലസേചന പദ്ധതി

Mail This Article
പുൽപള്ളി ∙ കബനിപ്പുഴയിൽ നിന്നുവെള്ളമെടുത്ത് നെൽക്കൃഷി നടത്താൻ വിഭാവനം ചെയ്ത അൻപത് വയൽ പ്രദേശത്ത് കർഷകർ ഇക്കൊല്ലവും ആശങ്കയിൽ. എല്ലാ പണികളും പൂർത്തീകരിച്ച ജലസേചന പദ്ധതി ഉടനെങ്ങാനും പ്രവർത്തനമാരംഭിക്കുമോയെന്നാണ് കർഷകരുടെ ചോദ്യം. പദ്ധതി നിർമാണം തുടങ്ങിയ ശേഷം 2 കൃഷികൾ മുടങ്ങി. 3 കോടി രൂപ ചെലവിൽ നിർമിച്ച പദ്ധതിക്ക് വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതാണ് പ്രശ്നം. ഇതിനായി ട്രാൻസ്ഫോർമറുൾപ്പെടെ സ്ഥാപിച്ചശേഷം 26,000 രൂപയുടെ കുറവുണ്ടെന്നും അതുകൂടി അടയ്ക്കണമെന്നും നിർദേശമുണ്ടായി. ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ ഇത് അടയ്ക്കാൻ വൈകി. അടുത്തിടെ അതും അടച്ചു. ഇനി വൈദ്യുതി വകുപ്പ് പരിശോധന നടത്തിയ ശേഷമേ കണക്‌ഷൻ നൽകൂ.
അതിനായുള്ള കാത്തിരിപ്പാണിപ്പോൾ. നഞ്ചകൃഷിക്കുള്ള തയാറെടുപ്പുകൾ എല്ലായിടത്തും ആരംഭിച്ചു. ഞാറ്റടി ഒരുക്കുന്ന പണികളാരംഭിച്ചു. നടീലിനാവശ്യമായ ഞാറിന് അടുത്തയാഴ്ച വിത്ത് പാകണം. ഇപ്പോൾ മഴയുള്ളതിനാൽ ജലസേചനം ആവശ്യമില്ലെങ്കിലും നടീൽ സമയത്ത് ജലലഭ്യതയ്ക്ക് എന്തുറപ്പെന്നാണ് കർഷകരുടെ ചോദ്യം. മഴയെ പ്രതീക്ഷിച്ച് കൃഷിയിറക്കാവുന്ന കാലംപോയി. 50 ഏക്കറോളം പാടമാണ് കൃഷിചെയ്യാതെ വർഷങ്ങളായി പുല്ലുപടർന്നു കിടക്കുന്നത്.
കബനിപ്പുഴയുടെ കരയിലാണെങ്കിലും ജലസേചനത്തിനു സംവിധാനമില്ല. കർഷകരുടെ ദീർഘകാലാവശ്യത്തിനൊടുവിലാണ് ചെറുകിട ജലസേചന പദ്ധതിക്ക് അനുമതി നൽകിയത്. 60 കുതിരശക്തിയുള്ള 3 മോട്ടറുകളും പൈപ്പ് ലൈനും കനാലുമെല്ലാമുണ്ട്. വേനലിൽ പുഴയിലെ ജലനിരപ്പ് താഴുമ്പോൾ പമ്പിങ് നടത്താനുള്ള സൗകര്യവുമുണ്ട്. പദ്ധതി പ്രവർത്തിക്കുന്നതോടെ വരൾച്ചനേരിടുന്ന പരിസര പ്രദേശങ്ങളിലെ കരകൃഷിയും മെച്ചപ്പെടും. ഇക്കൊല്ലവും പ്രദേശത്തെ നാണ്യവിളകളടക്കം ഉണങ്ങി നശിച്ചിരുന്നു. പദ്ധതി ഉടൻ കമ്മിഷൻ ചെയ്യാതെവന്നാൽ നെൽക്കൃഷിമുടങ്ങുമെന്നുറപ്പാണ്.