ADVERTISEMENT

ഗൂഡല്ലൂർ ∙ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ കാട്ടാന ശല്യം രൂക്ഷമായി. മിക്ക പ്രദേശങ്ങളിലും മുൻപ് ഒരിക്കലും ഇല്ലാത്ത വിധത്തിലാണ് കാട്ടാനകൾ മേയുന്നത്. കൗണ്ടൻകൊല്ലിയിൽ ഗോത്ര യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് കൗണ്ടൻകൊല്ലിയിൽ നിന്നുള്ള നാട്ടുകാർ നാലാം മൈലിൽ ബത്തേരി റോഡിൽ സമരം നടത്തി.  രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12. 30 വരെ നാട്ടുകാർ റോഡിലിരുന്നു. വാഹനങ്ങൾ തടഞ്ഞില്ല. പരുക്കേറ്റ യുവാവിന് വനം വകുപ്പ് ചികിത്സ സഹായം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ സഹായം ലഭിച്ചില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. വനം വകുപ്പ് ജീവനക്കാരെത്തി ജനങ്ങളുമായി സംസാരിച്ച് ചികിത്സാ സഹായം കൈമാറി.

ഈ പ്രദേശങ്ങളിൽ ആക്രമണം നടത്തുന്ന കാട്ടാനകളെ തുരത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ദേവർഷോല ഭാഗത്ത് 6 ആനകളുടെ സംഘമാണ് മേയുന്നത്. ദേവർഷോലയിൽ നിന്നും പാടന്തുറവരെയുള്ള പ്രദേശങ്ങളിൽ ഈ ആനക്കൂട്ടം ഭീതി പടർത്തുകയാണ്. പകൽ ആനകളെ തുരത്തി കൊട്ടായി മേട്ടിലെത്തിക്കും. രാത്രിയിൽ ഈ ആനക്കൂട്ടം വീണ്ടും നാട്ടിലെത്തും. കൊട്ടായമേട്ടില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളുടെ സഹായത്തോടെ വനത്തിലേക്ക് തുരത്താനാണ് നാട്ടുകാരുടെ ആവശ്യം. പുത്തൂർവയൽ അങ്ങാടിയിൽ രാവിലെ തന്നെ 2 ആനകൾ എത്തി. പതിവായി നടക്കാനിറങ്ങിയവരെ കാട്ടാന ഓടിച്ചു. കടയിലെത്തിയവരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ ആനകളും ഇവിടെ സ്ഥിരമായി തുടങ്ങി. ഈ പ്രദേശത്തുള്ള കർഷകരുടെ കൃഷികൾ വലിയ തോതിൽ കാട്ടാനകൾ നശിപ്പിച്ചു.

കാട്ടാന ശല്യത്തില്‍ നിന്നു സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കൗണ്ടന്‍ക്കൊല്ലിയില്‍ നിന്നുള്ള നാട്ടുകാര്‍ നാലാം മൈലില്‍ സമരം നടത്തുന്നു.
കാട്ടാന ശല്യത്തില്‍ നിന്നു സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കൗണ്ടന്‍ക്കൊല്ലിയില്‍ നിന്നുള്ള നാട്ടുകാര്‍ നാലാം മൈലില്‍ സമരം നടത്തുന്നു.

 ശ്രീമധുര പഞ്ചായത്തിലും സ്ഥിതി ഭേദമല്ല. കാട്ടാനകളെ ഭയന്ന് പശുവളർത്തൽ കർഷകർ ഉപേക്ഷിച്ചു തുടങ്ങി. കോരഞ്ചാൽ ഭാഗത്ത് കാട്ടാനയെ തുരത്തുന്നതിനിടയിൽ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ രാജ് കുമാറിനെ കാട്ടാന ഓടിച്ചു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നാണ് കാട്ടാന പിൻവാങ്ങിയത്. ഒവാലി പഞ്ചായത്തിൽ വൈകിട്ട് 6 മണി കഴിഞ്ഞാൽ കാട്ടാനകൾ നാട്ടിലാണ്. പ്രധാന റോഡിന്റെ ഇരു വശങ്ങളിലും കാട്ടാനകളെ കാണാം. റോഡിൽ നിൽക്കുന്ന കാട്ടാനകൾ ചെറിയ വാഹനങ്ങളെ പോലും ആക്രമിക്കുന്ന തരത്തിലേക്ക് മാറി. രൂക്ഷമായ കാട്ടാന ശല്യത്തിൽ ജനങ്ങൾ പൊറുതിമുട്ടി. ചക്കയുടെ സീസൺ കഴിഞ്ഞാൽ കാട്ടാനകൾ കാട്ടിലേക്ക് മടങ്ങുമെന്ന നിലപാടിലാണ് വനം വകുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com