നെല്ലാറച്ചാൽ വ്യൂ പോയിന്റ്: ചില കാഴ്ചകൾ മനോഹരം, ചിലത് അരോചകം
Mail This Article
അമ്പലവയൽ ∙ കാഴ്ചകൾക്കൊപ്പം മാലിന്യവും നിറഞ്ഞ് നെല്ലാറച്ചാൽ വ്യൂ പോയിന്റ്. ഒൗദ്യോഗിക ടൂറിസം കേന്ദ്രമല്ലെങ്കിലും നെല്ലാറച്ചാൽ സന്ദർശകരുടെ പ്രധാനപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്. മഴയും കോടമഞ്ഞും കൂടെ എത്തിയതോടെ അവ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കാരാപ്പുഴ റിസർവോയറിന്റെ കാഴ്ചയും പച്ചപ്പ് നിറഞ്ഞ കുന്നുകളുമെല്ലാം സന്ദർശകരുടെ മനം നിറയ്ക്കുന്ന കാഴ്ചയാണെങ്കിലും പ്രദേശത്ത് മാലിന്യവും വർധിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം മദ്യക്കുപ്പികളും നിറയുകയാണ്.
മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യത്തിന് കുറവൊന്നുമില്ല. സന്ദർശകരിൽ പലരും ഭക്ഷണവുമെടുത്താണ് ഇവിടെ എത്തുന്നത്. ഇതിന്റെ അവശിഷ്ടങ്ങളും പ്ലേറ്റ്, ഗ്ലാസ്, ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചു പോകുന്നു. മാലിന്യങ്ങൾ തള്ളുന്നത് കണ്ടാൽ പ്രദേശവാസികൾ ഇടപെടാറുണ്ട്. പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകർ ഇവിടെ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും വീണ്ടും മാലിന്യം തള്ളുന്നതാണ് പ്രതിസന്ധി.