ഇവരുടെ സ്വപ്നത്തിൽ പോലും കാട്ടാനകൾ; നാട്ടുകാർ ചോദിക്കുന്നു: ഞങ്ങളുടെ ജീവന് വിലയില്ലേ?

Mail This Article
ചുണ്ടേൽ ∙ ‘ഏതു നിമിഷവും കാട്ടാനകളുടെ മുന്നിൽപെടുമെന്ന് ഭയന്നാണ് കഴിയുന്നത്. തൊഴിലിടം ആയാലും വീട്ടുപരിസരമായാലും എല്ലാം കണക്കാ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. കാട്ടാനകൾക്കിടയിലാണു ഇപ്പോഴത്തെ ജീവിതം’. കാട്ടാനകൾ കടന്നുപോയതിനെ തുടർന്നു കുഴികൾ രൂപപ്പെട്ട ഇടവഴിയിലിരുന്ന്, തൊഴിലുറപ്പ് തൊഴിലാളിയായ വട്ടക്കുണ്ട് സ്വദേശിനി ശോഭന പറഞ്ഞു.

ചെമ്പ്ര മലയുടെ അടിവാരത്തോട് ചേർന്ന മനോഹരമായ പ്രദേശങ്ങളാണ് വട്ടക്കുണ്ടും ഒലിവുമലയും ചുണ്ടവയലുമെല്ലാം. എന്നാൽ, ഇവിടത്തുകാരുടെ ജീവിതം അത്ര മനോഹരമല്ലെന്നാണ് ശോഭനയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങളായി കാട്ടാനക്കലിയുടെ ഭീതിയൊഴിയാത്ത മേഖലയാണിത്. ഒരുരാത്രി പോലും ഭീതിയില്ലാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ. കലി പൂണ്ടെത്തുന്ന കാട്ടാനകളുടെ മുന്നിൽ നിന്നു പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.

കഴിഞ്ഞ 2 മാസമായിട്ടു മുൻപെങ്ങുമില്ലാത്ത വിധം കാട്ടാന ശല്യം ഇൗ മേഖലകളിൽ രൂക്ഷമാണ്. ഒരു കൊമ്പനും മോഴയാനയുമാണു പതിവായി ജനവാസ മേഖലകളിലെത്തുന്നത്. ഇന്നലെ ചുണ്ടവയൽ–ആനപ്പാറ റോഡിലിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്നു യുവാവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാർ ചോദിക്കുന്നു;ഞങ്ങളുടെ ജീവന് വിലയില്ലേ?
ചെമ്പ്ര വനമേഖലയിൽ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം ഒലിവുമല വനാതിർത്തിയിലെ തോട് മുറിച്ച് കടന്നാണു ജനവാസ മേഖലകളിലെത്തുന്നത്. ഇവിടങ്ങളിലെ കൃഷിയടക്കം നശിപ്പിച്ച് നേരെ ചുണ്ടവയൽ–ആനപ്പാറ റോഡിലൂടെ കടന്ന് ഫെൻസിങ് ഇല്ലാത്ത ഭാഗങ്ങളിലെ കാർഷിക വിളകളെല്ലാം നശിപ്പിക്കും. തുടർന്ന് വട്ടക്കുണ്ട് മേഖലയിലേക്കെത്തും. 55 കുടുംബങ്ങളാണു വട്ടക്കുണ്ട് നഗറിലുള്ളത്. വനത്താൽ ചുറ്റപ്പെട്ട മേഖലയാണിത്. പകൽസമയത്തു പോലും കാട്ടാനകൾ കൂട്ടത്തോടെ തമ്പടിക്കുന്നതിനാൽ മേഖലയിലെ ജനജീവിതം ദുസ്സഹമാണ്. ചുറ്റിലും ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടാന ശല്യത്തിനു കുറവൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു.
കിലോമീറ്ററുകൾ ദൂരത്തെ ഫെൻസിങ് നശിപ്പിച്ച് കാട്ടാനക്കൂട്ടം ആഴ്ചകൾക്കു മുൻപ് വട്ടക്കുണ്ട് നഗറിലെത്തിയിരുന്നു. മണിക്കൂറുകളോളം പ്രദേശത്തു ഭീതി പരത്തിയ ശേഷമാണു കാടുകയറിയത്. 2 ദിവസം മുൻപ് വട്ടക്കുണ്ട് അങ്കണവാടിക്കു സമീപവും കാട്ടാനകളെത്തിയിരുന്നു. കഴിഞ്ഞ 28ന് രാവിലെ ചുണ്ടവയലിലെ ജനവാസ മേഖലയിലെത്തിയ കാട്ടാനയുടെ മുന്നിൽ നിന്നു വിദ്യാർഥികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മണിക്കൂറുകളോളം പ്രദേശത്ത് ഭീതി പരത്തിയശേഷമാണു കാട്ടാന തിരികെ കാടുകയറിയത്. കാട്ടാനകളെ ഭയന്ന് കർഷകരിൽ ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചു.
ജനകീയ ഫെൻസിങ് മറികടന്നും കാട്ടാനകൾ
വൈത്തിരി പഞ്ചായത്തും നാട്ടുകാരും ചേർന്ന് സ്ഥാപിച്ച ജനകീയ ഫെൻസിങ്ങിനു മുകളിലേക്ക് മരം കുത്തിമറിച്ചിട്ടും ഫെൻസിങ് സ്ഥാപിച്ച ഇരുമ്പുതൂണുകൾ നശിപ്പിച്ചും കാട്ടാനകൾ ജനവാസ മേഖലകളിലേക്കെത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ചുണ്ടവയൽ–ആനപ്പാറ റോഡ് മുതൽ തളിമല വരെയുള്ള 5 കിലോമീറ്റർ ദൂരത്താണു ഫെൻസിങ് സ്ഥാപിച്ചിട്ടുള്ളത്. ചുണ്ടവയലിൽ ഫെൻസിങ് ആരംഭിക്കുന്ന സ്ഥലത്തെ ഇരുമ്പുതൂൺ മാസങ്ങൾക്കു മുൻപു കാട്ടാനകൾ നശിപ്പിച്ചിരുന്നു. ഇതിനോടു ചേർന്ന് മറ്റൊരു ചെറിയ ഇരുമ്പുകമ്പി ഉപയോഗിച്ച് കെട്ടിവച്ചാണ് ഫെൻസിങ് സംവിധാനം നിലവിൽ പ്രവർത്തിക്കുന്നത്.
വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണു പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന് 2023 ഒക്ടോബറിൽ ജനകീയ ഫെൻസിങ് പദ്ധതി തുടങ്ങിയത്. കൃഷിഭൂമികളുടെ അതിരിലൂടെയാണു 3 മീറ്റർ ഉയരമുള്ള വേലി നിർമിച്ചത്. 3 നിരകളിലായി വലിച്ച കമ്പികളിലൂടെയാണു മൂന്നിടങ്ങളിലായി സ്ഥാപിച്ച ബാറ്ററികളിൽ നിന്നു വൈദ്യുതി പ്രവഹിപ്പിക്കുന്നത്. ആദ്യ മാസങ്ങളിൽ ഫെൻസിങ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് താളംതെറ്റിയെന്ന് നാട്ടുകാർ പറയുന്നു.
ഫെൻസിങ്ങിനെ കുറിച്ച് പഠിക്കാൻ റേഞ്ച് ഓഫിസർമാർ
കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാനുള്ള വൈത്തിരി മോഡൽ ജനകീയ ഫെൻസിങ്ങിനെ കുറിച്ച് പഠിക്കാൻ കഴിഞ്ഞദിവസം റേഞ്ച് ഓഫിസർമാർ സ്ഥലം സന്ദർശിച്ചിരുന്നു. വാളയാറിലെ പരിശീലനത്തിനിടെയുള്ള പഠനത്തിന്റെ ഭാഗമായാണ് 15 അംഗ റേഞ്ച് ഓഫിസർമാർ വൈത്തിരിയിലെത്തിയത്. ജനകീയ ഫെൻസിങ് നിർമാണ രീതിയെ കുറിച്ചും സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചും റേഞ്ച് ഓഫിസർമാർ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അടക്കമുള്ള ജനപ്രതിനിധികളോടു ചോദിച്ചറിഞ്ഞ ശേഷമാണു മടങ്ങിയത്.