ADVERTISEMENT

പനമരം ∙ യുപി വിഭാഗം ഇല്ലാത്ത അതിരാറ്റുകുന്ന് ജിഎച്ച്എസ്, വാളവയൽ ജിഎച്ച്എസ്, പുളിഞ്ഞാൽ ജിഎച്ച്എസ് സ്കൂളുകളിൽ ഈ വർഷം അഞ്ചാം ക്ലാസും തുടർവർഷങ്ങളിൽ 6, 7 ക്ലാസുകളും ആരംഭിക്കാനുള്ള അനുമതി, വന്യമൃഗശല്യവും യാത്രാക്ലേശവും നേരിടുന്ന ഗോത്രവിഭാഗക്കാരുൾപ്പെടെയുള്ള വിദ്യാർഥികൾക്കു പ്രയോജനകരമാകും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയത്.

സംരക്ഷിത അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തി ബ്രിജ് കോഴ്സാകും തുടങ്ങുക. വീടിന് തൊട്ടടുത്ത് എൽപി, ഹൈസ്കൂൾ വിഭാഗം ഉണ്ടെങ്കിലും യുപിക്ക് കിലോമീറ്ററുകൾ അകലെയുള്ള മറ്റു സ്കൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു വിദ്യാർഥികൾ. അതിരാറ്റുകുന്ന്, വാളവയൽ, പുളിഞ്ഞാൽ എന്നീ സർക്കാർ എൽപി സ്കൂളുകളെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ (ആർഎംഎസ്എ) വഴി വർഷങ്ങൾക്ക് മുൻപാണ് ഹൈസ്കൂൾ ആക്കി ഉയർത്തിയത്. എന്നാ‍ൽ, യുപി വിഭാഗം ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ പട്ടികവർഗ വിഭാഗത്തിൽ പെട്ട കുട്ടികളിൽ പലരും നാലാം ക്ലാസ് കഴിഞ്ഞ് ദൂരെയുള്ള മറ്റു സ്കുളുകളിലേക്ക് പോകാനാകാതെ പഠനം നിർത്തി.

സ്കൂളിൽ വിദ്യാർഥികൾ കുറ‍ഞ്ഞതോടെ ഡിവിഷൻ നഷ്ടപ്പെട്ട് അധ്യാപകരുടെ പോസ്റ്റും ഇല്ലാതാകുന്ന അവസ്ഥയായി. ആവശ്യമായ കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും ആധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഐടി സംവിധാനങ്ങളുമെല്ലാം ഉണ്ടെങ്കിലും യുപി വിഭാഗം ആരംഭിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാതിരുന്നതു വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. വാളവയൽ സ്കൂളിലെ 4-ാം ക്ലാസുകാരനായ വൈഷ്ണവ് ശ്യാം മന്ത്രി വി. ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് യുപി സ്കൂൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ ഫോൺ സംഭാഷണം പിന്നീട് വൈറലായി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും മന്ത്രിക്കു നിവേദനം നൽകുകയും നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. പരിഹാരമുണ്ടാക്കുമെന്നു മന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു. യുപി ആരംഭിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പ്രദേശവാസികളെല്ലാം ഏറെ സന്തോഷത്തോടെയാണു സ്വീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com