ADVERTISEMENT

പുൽപള്ളി ∙ വന്യജീവി സങ്കേത്തോടു ചേർന്ന ചീയമ്പം എഴുപത്തിമൂന്ന് ഗോത്രസങ്കേതത്തിലെത്തിയ 2 കാട്ടാനകൾ വ്യാപക നാശമുണ്ടാക്കി. രാത്രി നാട്ടിലിറങ്ങിയ ആനകൾ നേരംപുലർന്ന് വനത്തിലേക്കുള്ള മടക്കയാത്രയിലാണ് കാര്യമായ നാശമുണ്ടാക്കിയത്. വനംവാച്ചറായ ബാബുവിന്റെ വീട്ടുമുറ്റത്തെത്തിയ ആന അവിടെക്കിടന്ന കാർ കേടുവരുത്തി. ആനയുടെ കൊമ്പ് കാറിന്റെ ബോഡിയിൽ തുളഞ്ഞുകയറി. കാർ കുത്തിമറിക്കാനായിരുന്നു ശ്രമം. ബാബുവും വീട്ടുകാരും ബഹളമുണ്ടാക്കിയതോടെ ആന അടുത്തുള്ള ബാബുവിന്റെ സഹോദരൻ രതീഷിന്റെ തൊഴുത്ത് തകർത്തു. അതിലുണ്ടായിരുന്ന പശു കയർപൊട്ടിച്ച് ഓടിപ്പോയി.

കന്നാരംപുഴക്കരയിലെത്തിയ ആന മരംതള്ളിയിട്ട് തൂക്കുവേലി തകർത്തശേഷം കിടങ്ങ് ഇടിച്ച് മറുകരയെത്തി. ഈ ആന മടങ്ങിയോയെന്ന് നോക്കിയശേഷം വീട്ടിലേക്കു വരികയായിരുന്ന ബാബുവിന്റെ ഭാര്യ രാധയും(39) മകൾ ആർഷയും (12) മറ്റൊരാനയുടെ മുന്നിൽ പെട്ടു. അലറിവിളിച്ച ഇരുവരും രതീഷിന്റ വീട്ടിൽ ഓടിക്കയറി രക്ഷപ്പെട്ടു. ഈ ആനയും കിടങ്ങ് നിരങ്ങിയിറങ്ങി കന്നാരംപുഴയിൽ ചാടി. 5 മണിയോടെയായിരുന്നു കൊമ്പന്റെ വരവ്. ഒപ്പമുണ്ടായിരുന്ന ആനയെത്തിയത് ആറരയോടെയും. എല്ലാദിവസവും ഗോത്രസങ്കേതത്തിൽ ആനയിറങ്ങുന്നുണ്ട്. വനാതിർത്തിയിൽ കിടങ്ങും തൂക്കുവേലിയുമുണ്ടെങ്കിലും ആന അതെല്ലാം തകർക്കുന്നു. ഇരുളം, വണ്ടിക്കടവ് വനംസ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. രാത്രി കാവൽ ശക്തമാക്കാമെന്ന് ഉറപ്പുനൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com