ആദിവാസി കുടുംബങ്ങളുടെ ഫ്യൂസ് ഊരിയതിൽ ഇടപെട്ട് മന്ത്രി; ‘ഇരുട്ടടി’ ഒഴിവായി
Mail This Article
കൽപറ്റ ∙ വൈദ്യുതി ബിൽ കുടിശികയായതോടെ ഒരുവർഷമായി ഇരുട്ടിൽ കഴിയുന്ന വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്കു വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിക്കാൻ തീരുമാനം. ചെറിയ തുക മാത്രം കുടിശികയാക്കിയവർക്ക് എത്രയും വേഗം വൈദ്യുതി ലഭിക്കാൻ ഇടപെടുമെന്നും വൻതുക കുടിശികയാക്കിയവർക്കു ബിൽ അടച്ചുതീർക്കാൻ സാവകാശം നൽകുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി വിഛേദിക്കാനിടയായ സാഹചര്യം പരിശോധിച്ച് 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കെഎസ്ഇബി ചെയർമാനു നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ജില്ലയിലെ 1,514 ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി ബിൽ കുടിശികയായതും പണം അടയ്ക്കാനാകാത്തതിനാൽ കെഎസ്ഇബി വൈദ്യുതി കണക്‌ഷൻ വിഛേദിച്ചതും കഴിഞ്ഞദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിയുടെ ഇടപെടൽ. സബ് കലക്ടറോടും ഐടിഡിപി ഓഫിസറോടും വിശദീകരണം തേടി. 2023 മാർച്ച് 1 മുതൽ ഇതുവരെ ബിൽ അടയ്ക്കാത്തതിനാൽ ജില്ലയിൽ ആകെ 1,62,376 ഗാർഹിക കണക്‌ഷനുകളാണു വിഛേദിച്ചത്. ഇതിൽ 3113 പട്ടിക വർഗ കുടുംബങ്ങളുടേത് ഉൾപ്പെടെ 1,59,732 കണക്‌ഷനുകൾ പുനഃസ്ഥാപിച്ചുവെന്നാണു നിയമസഭാ രേഖ. എന്നാൽ, പണം അടയ്ക്കാത്തതിനാൽ മറ്റ് ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം ഇരുട്ടില്‍ കഴിയേണ്ടി വന്നു. ഭീമമായ കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ മടികാണിക്കുന്ന
കെഎസ്ഇബി ആദിവാസി കുടുംബങ്ങളുടേത് ഉൾപ്പെടെയുള്ള വൈദ്യുതി വിഛേദിച്ചതു വിവേചനമാണെന്ന ആരോപണം ഉയർന്നിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കു പുറമേ മഴക്കാലത്തു പണി കുറവാണെന്നതും ആദിവാസി ഊരുകളെ പ്രതിസന്ധിയിലാക്കുമ്പോഴാണു കെഎസ്ഇബി ഫ്യൂസ് ഊരിയത്. ചില വീടുകളിൽനിന്ന് മീറ്ററുകൾ പോലും ഊരിയെടുത്തു കൊണ്ടുപോയി. മീറ്റർ കൊണ്ടു പോയാൽ പുതിയ വൈദ്യുതി കണക്‌ഷൻ എടുത്താൽ മാത്രമേ ഇനി വീട്ടിലേക്കു വൈദ്യുതി കിട്ടൂവെന്നതാണു പ്രതിസന്ധി. മന്ത്രിയുടെ ഉറപ്പ് എത്രയും വേഗം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ഗോത്രകുടുംബങ്ങൾ