റോഡുകളിൽ മഡ് ഫെസ്റ്റ്: വിവിധ ഭാഗങ്ങളിൽ റോഡുകൾ തകർന്നു; ദുരിതയാത്ര തുടരുന്നു
Mail This Article
500 വീട്ടുകാരുടെ വഴിമുട്ടി; കോളിയാടി– അരിമാനി റോഡിൽ ദുരിത യാത്ര
ബത്തേരി∙ കുഴിയിൽ വീഴാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണു നെന്മേനി പഞ്ചായത്തിലെ കോളിയാടി – അരിമാനി റോഡിൽ. പൊട്ടിപ്പൊളിഞ്ഞ് പാടേ തകർന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. 5 വർഷം മുൻപാണ് അറ്റകുറ്റപ്പണി നടത്തിയത്.
എന്നാൽ, ആ വർഷം തന്നെ റോഡ് വീണ്ടും തകർന്നു. 500 വീട്ടുകാർ ആശ്രയിക്കുന്ന ഈ റോഡിലേക്ക് ഇപ്പോൾ ഒരു ഓട്ടോറിക്ഷ പോലും വരാതായി. 3 കിലോമീറ്റർ ദൈർഘ്യമുള്ള, കോളിയാടിയെ ഊട്ടി റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാത നന്നാക്കണമെന്ന ആവശ്യം അധികൃതരോട് ഒട്ടേറെത്തവണ ഉന്നയിച്ചെങ്കിലും കേട്ട മട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്. റോഡിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത് കുഴിയടക്കാൻ പോലും തികയില്ലെന്നതാണ് യാഥാർഥ്യം.
കലുങ്കുണ്ടായിട്ടും വെള്ളക്കെട്ട്
പുൽപള്ളി ∙ ബത്തേരി – പുൽപള്ളി മെയിൻ റോഡിലെ എരിയപള്ളിയിൽ കലുങ്ക് തകർന്നതോടെ വെള്ളക്കെട്ടു തുടരുന്നു, ദുരിതയാത്ര. കലുങ്ക് തകർന്നതിനാൽ ചാറ്റൽ മഴയിൽ പോലും പാതയോരം വെള്ളക്കെട്ടാകും. കനത്ത മഴയിൽ വെള്ളം റോഡിലൂടെ പരന്നൊഴുകും. മഴയുള്ളപ്പോൾ ഇതിലെ വാഹനങ്ങൾ പോകാൻ പ്രയാസമാണ്. വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരും ദുരിതത്തിലാണ്. മരാമത്ത് വകുപ്പിന്റെ അശാസ്ത്രീയ കലുങ്ക് നിർമാണമാണു തകർച്ചയ്ക്കു കാരണമായി പറയുന്നത്.
ബത്തേരി–പുൽപള്ളി റോഡ് പലേടത്തും തകർന്ന് വെള്ളക്കെട്ടാണ്. താഴെയങ്ങാടി മുതൽ ഷെഡ്ഡ് കവലവരെ പാടേ തകർന്നു. ബത്തേരിയിലേക്കുള്ള പലരും ഇപ്പോൾ ഈറൂട്ട് ഒഴിവാക്കി താന്നിത്തെരുവ് – ഷെഡ്ഡ് റോഡുവഴിയാണ് യാത്ര. റോഡിന്റെയും കലുങ്കിന്റെയും തകർച്ച പരിഹരിക്കണമെന്ന് എരിയപള്ളിയിൽ ചേർന്ന ബിജെപി യോഗം ആവശ്യപ്പെട്ടു. കെ.കെ.പ്രതീഷ് അധ്യക്ഷത വഹിച്ചു. അർജുനൻ യോഗിമൂല, കെ.കെ.അരുൺ, വി.ആർ.രതീഷ്, പ്രദോഷ് വേടംകോട്ട്, സ്വപ്ന കുട്ടിക്കൃഷ്ണൻ, ഡി.സത്യൻ, ശശി കോരംകോട്ട്, കെ.ആർ.സുഭാഷ്, രഘു മാനിവയൽ, പി.എം.അനിൽ എന്നിവർ പ്രസംഗിച്ചു.