ADVERTISEMENT

പനമരം ∙ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ആദ്യ ദിനത്തിൽ നടന്ന ഇംഗ്ലിഷ് പരീക്ഷയെ അപേക്ഷിച്ച് ഇന്നലെ നടന്ന മലയാളം പരീക്ഷ ഹാപ്പിയായും സൂപ്പറായും എഴുതിയെന്നു സുലോചനാമ്മ. ജില്ലയിൽ തുല്യതാ പരീക്ഷ എഴുതുന്നവരിൽ ഏറ്റവും മുതിർന്ന പഠിതാവാണു വി.കെ. സുലോചന. ഇനിയുള്ള 4 വിഷയങ്ങളും കുഴപ്പമില്ലാതെ എഴുതുമെന്നും പ്ലസ് വൺ ജയിച്ചു കയറുമെന്നും അടുത്ത ദിവസം 70 വയസ്സാകുന്ന വള്ളിയൂർക്കാവ് കളപ്പുരയ്ക്കൽ സുലോചന പറഞ്ഞു. ചെറുപ്പത്തിൽ പഠിക്കാൻ പറ്റാതായ സുലോചന ഇപ്പോൾ പഠനത്തിൽ മാത്രമല്ല കഥ, കവിത, ചിത്രരചനയിലും മിടുക്കിയാണെന്നു സഹപാഠികൾ. കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് മറ്റ് 138 പേർക്ക് ഒപ്പം സുലോചനയും തുല്യതാ പരീക്ഷ എഴുതുന്നത്. 

കഴിഞ്ഞദിവസമാണു സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ആരംഭിച്ചത്. ജില്ലയിൽ 4 പരീക്ഷാ കേന്ദ്രങ്ങളിലായി 763 പഠിതാക്കളാണ് ആദ്യദിനം പരീക്ഷയെഴുതിയത്. ഇവരിൽ 460 പേർ ഒന്നാം വർഷ തുല്യത പഠിതാക്കളും 303 പേർ രണ്ടാം വർഷ തുല്യത പഠിതാക്കളുമാണ്. ആകെ പരീക്ഷയെഴുതിയ 763 പേരിൽ 608 പേരും സ്ത്രീകളാണ്. 

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഒരാളും ഭിന്നശേഷിക്കാരായ 4 പേരും തുല്യതാ പരീക്ഷയെഴുതുന്നുണ്ട്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി നടത്തുന്ന തുല്യത പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ 38 പേരാണ് പരീക്ഷയെഴുതുന്നത്.  14ന് പരീക്ഷ പൂർത്തിയാകും. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, സെന്റർ കോഓർഡിനേറ്റർ കെ.എം.ജിൻസി സ്കൂൾ പ്രിൻസിപ്പൽ കെ.എ. രഘുനാഥ് എന്നിവരുടെ നിരീക്ഷണത്തിലാണ് കണിയാമ്പറ്റയിൽ പഠിതാക്കൾ പരീക്ഷ എഴുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com