5 വർഷമായി തൂണിൽ ഒതുങ്ങി ആന പ്രതിരോധ വേലി

Mail This Article
മാനന്തവാടി ∙ കുറുവയൽ നിന്നു പുഴകടന്ന് എത്തുന്ന കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തിന് അറുതി വരുത്താൻ ആവിഷ്കരിച്ച പ്രതിരോധ വേലി തൂണുകളിൽ ഒതുങ്ങി. വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തിന് മുന്നിൽ വീട്ടുകാരും നാട്ടുകാരും പണിതീരാത്ത പ്രതിരോധ വേലിയുടെ കാര്യം ഉന്നയിച്ചിരുന്നു. ഫെൻസിങ് പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയാണ് മന്ത്രിമാർ അജീഷിന്റെ വീട്ടിൽ നിന്ന് മടങ്ങിയത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പാതി വഴിയിൽ നിലച്ച നിർമാണം പൂർത്തിയായില്ല.ചക്കയുടെ കാലമായതോടെ പുഴ കടന്ന് എത്തുന്ന കാട്ടാനകളുടെ എണ്ണം കൂടി. നോക്കുകുത്തി പോലെ നിൽക്കുന്ന കാലുകളിൽ പലതും കാട്ടാനകൾ തട്ടി ചരിഞ്ഞു.
2018 ലാണ് ഇവിടെ ക്രാഷ് ഗാർഡ് ഫെൻസിങ് സ്ഥാപിക്കാൻ തീരുമാനിച്ചത്. മാനന്തവാടി നഗരസഭാ പരിധിയിലെ കൂടൽക്കടവ് മുതൽ പാൽവെളിച്ചം വരെ 4.5 കിലോമീറ്ററിൽ ഫെൻസിങ് ഒരുക്കാൻ 3.6 കോടി രൂപയും അനുവദിച്ചു. 2023 പകുതിയോടെയാണ് നിർമാണം ആരംഭിച്ചത്. ഏറെ താമസിയാതെ പണി നിലച്ചു.അജീഷ് കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ഗവർണറും കേന്ദ്ര–സംസ്ഥാന മന്ത്രിമാരുമെല്ലാം പടമലയിലെ അജീഷിന്റെ വീട്ടിലെത്തി. എല്ലാവരോടും പ്രതിരോധ വേലിയുടെ കാര്യം നാട്ടുകാർ പറഞ്ഞിരുന്നു. 5 വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതി എന്നു തീരുമെന്നാണ് നാട്ടുകാരുടെ ചോദ്യം. തൂണുകൾ സ്ഥാപിച്ചെന്നും കമ്പികൾ വലിച്ച് ഏറെ താമസിയാതെ നിർമാണം പൂർത്തീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.