കാട്ടാനക്കൂട്ടം 14 മണിക്കൂർ പരാക്രമത്തിനു ശേഷം കാടുകയറി; ചോദ്യചിഹ്നമായി രാജന്റെ കൃഷിയിടം

Mail This Article
പനമരം∙ ജനവാസ മേഖലയിൽ ഒരു പകൽ മുഴുവൻ ഭീതി പരത്തിയ കാട്ടാനക്കൂട്ടം കാടുകയറി. പനമരം ചങ്ങാടക്കടവ് കൊറ്റില്ലത്തിന് സമീപത്തെ പമ്പ് ഹൗസിനു സമീപം എത്തിയ 4 കാട്ടാനകളാണ് 14 മണിക്കൂറിന് ശേഷം പനമരം വലിയ പുഴ കടന്ന് പരിയാരം പ്രദേശത്തേക്ക് നീങ്ങിയത്. പരിയാരത്ത് എത്തിയ കാട്ടാനകൾ ഇന്നലെ പുലർച്ചെയാണു വനത്തിലേക്ക് മടങ്ങിയത്. വെള്ളി പകൽ മുഴുവനും ആനയെ തുരത്താൻ വനപാലകരും പൊലീസും ചേർന്ന് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാത്രി 8 കഴിഞ്ഞതോടെ കാട്ടാനകൾ സ്വമേധയാ ഇറങ്ങി പുഴ കടന്ന് പരിയാരം കുന്നിലേക്കു നീങ്ങി.

പകൽ കാട്ടാനക്കൂട്ടം തമ്പടിച്ച പരക്കുനിയിലെ മൂന്നാനക്കുഴി രാജന്റെ കൃഷിയിടത്തിലെ ഏക്കറുകണക്കിന് കാപ്പി അടക്കമുള്ള കൃഷികൾ നശിച്ചു. പടക്കം പൊട്ടിച്ചു തുരത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാനകൾ തലങ്ങും വിലങ്ങും ഓടിയതോടെ കായ്ഫലമുള്ള മുന്നൂറിലേറെ കാപ്പിച്ചെടികൾ ഒടിഞ്ഞുവീണു. കൃഷിയിടത്തിലുണ്ടായിരുന്ന കപ്പ, വാഴ, തെങ്ങ് എന്നിവയിൽ പകുതിയും നശിപ്പിച്ചു. ഒറ്റദിവസം കൊണ്ട് രാജനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ടു. പടക്കം പൊട്ടിച്ചില്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ നഷ്ടം ഉണ്ടാകില്ലായിരുന്നുവെന്നു കർഷകർ പറയുന്നു. കൃഷികൾ നശിച്ച കർഷകനു വനംവകുപ്പ് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.