നാടിനെ വിറപ്പിച്ചു കൂട്ടിലായ കടുവയെ തിരുവനന്തപുരം സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

Mail This Article
പുൽപള്ളി ∙ ദിവസങ്ങളോളം നാടിനെ വിറപ്പിച്ചു കൂട്ടിലായ കടുവയെ തിരുവനന്തപുരം സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കൂട്ടിൽ പരിചരണത്തിലായിരുന്ന തോൽപ്പെട്ടി–10 കടുവയെ ഇന്നലെ വൈകിട്ടാണു വനംവകുപ്പിന്റെ ലോറി ആംബുലൻസിൽ കൊണ്ടുപോയത്. കഴിഞ്ഞ 23ന് രാത്രിയാണു കേണിച്ചിറയിൽ കടുവ കൂട്ടിലായത്.
അന്നുതന്നെ ഇരുളത്തേക്ക് മാറ്റിയ കടുവയെ മാറ്റുന്നതിൽ തീരുമാനം വൈകി. നെയ്യാറിലേക്ക് മാറ്റാൻ ഉത്തരവെത്തിയെങ്കിലും ആരോഗ്യമുള്ള കടുവയാണെങ്കിൽ മാത്രം അവിടേക്ക് എത്തിച്ചാൽമതിയെന്ന നിർബന്ധത്തെ തുടർന്ന് ഒടുവിൽ തീരുമാനം മാറ്റുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ള കടുവയ്ക്ക് കൃത്യമായി ഭക്ഷണവും മരുന്നും നൽകി ആരോഗ്യം വീണ്ടെടുത്തശേഷമാണ് മാറ്റം. എന്നും രാവിലെ 8 കിലോ കോഴിയിറച്ചി വീതം നൽകി. ഇന്നലെ യാത്രയ്ക്ക് മുമ്പ് 4 കിലോ ഇറച്ചിയും വെള്ളവും നൽകി.
ദ്രുതകർമ സേനയുടെ പക്കലുണ്ടായിരുന്ന കൂടെത്തിച്ച് കടുവയെ അതിലേക്ക് മാറ്റി. ഏറെനേരത്തെ ശ്രമത്തിനുശേഷമാണ് കടുവ പുതിയ കൂട്ടിലേക്ക് മാറിയത്. പിന്നീട് കൂട് മൂടിക്കെട്ടി ലോറി ആംബുലൻസിൽ കയറ്റി. സൗത്ത് വയനാട് ഡിഎഫ്ഒ. അജിത് കെ.രാമൻ, കുറിച്യാട് റേഞ്ച് ഓഫിസർ പ്രേംഷമീർ, ഇരുളം ഡെപ്യുട്ടി റേഞ്ച് ഓഫിസർ കെ.പി.അബ്ദൽ ഗഫൂർ, വനംവെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. റേഞ്ച് ഓഫിസറും ഡോക്ടറും വനപാലകരും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.