ADVERTISEMENT

ബത്തേരി ∙ ഗെസ്റ്റ് ഹൗസിനായി പണി തുടങ്ങി 14 വർഷത്തിനിപ്പുറവും തുറന്നുകൊടുക്കാനായില്ല. ഉദ്ഘാടനം നടത്താനോ ഒരു മുറിയെങ്കിലും വാടകയ്ക്ക് നൽകാനോ ടൂറിസം വകുപ്പിനു സാധിച്ചിട്ടില്ല. 14 വർഷങ്ങളായി ഈ കെട്ടിടത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.ഇതിനിടെ, 8 മുറികളിൽ പ്രവർത്തിച്ചിരുന്ന പഴയ ബ്ലോക്കും 4 വർഷം മുൻപ് നവീകരണത്തിനായി പൊളിച്ചു. ആ നവീകരണവും പൂർത്തിയായില്ല.

തുടക്കത്തിലേ കല്ലുകടി
പതിറ്റാണ്ടുകൾക്കു മുൻപ് 8 മുറികളുമായി പ്രവർത്തിച്ചിരുന്ന ബത്തേരി ഗെസ്റ്റ് ഹൗസ് വളപ്പിൽ ആധുനിക കെട്ടിട സമുച്ചയം നിർമിക്കാൻ തീരുമാനിച്ചത് വി.എസ്.അച്യുതാനന്ദൻ സർക്കാരാണ്. 2010 ഒടുവിൽ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിട്ടു. 5 നിലകളിലായി 4 സ്യൂട്ടുകൾ അടക്കം 52 മുറികളും 2 ഭിന്നശേഷി സൗഹൃദ മുറികളും 100 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാളുമെല്ലാമടങ്ങുന്നതായിരുന്നു പദ്ധതി. പണി തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മുൻവശത്തെ സ്വീകരണ ഹാളിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. പിന്നീടുള്ള നിർമാണ പ്രവൃത്തികളെല്ലാം മെല്ലെയായിരുന്നു.

14 വർഷം, 16 കോടി!
ആധുനിക ഗെസ്റ്റ് ഹൗസിന്റെ നിർമാണമേറ്റെടുത്തത് കിറ്റ്കോയും പഴയ കെട്ടിടം നവീകരിക്കുന്നത് നിർമിതി കേന്ദ്രയുമാണ്. പുതുക്കിയ എസ്റ്റിമേറ്റിലൂടെ 15.94 കോടി രൂപയാണ് കിറ്റ്കോയുടെ കരാർ തുക. ആദ്യമിത് 11.25 കോടി രൂപയായിരുന്നു. ഉപകരാറുകാരാണ് നിർമാണം നടത്തുന്നത്. പുതുക്കിയ എസ്റ്റിമേറ്റുമായി ബന്ധപ്പെട്ടുള്ള എഗ്രിമെന്റിൽ കിറ്റ്കോ ഡയറക്ടർ ഒപ്പിടാനെത്താത്തതും നിർമാണത്തെ വൈകിപ്പിക്കുന്നു.  കെട്ടിടത്തിന് നഗരസഭയിൽ നിന്നുള്ള നമ്പർ ഇട്ടു വാങ്ങാനോ വൈദ്യുതിയെത്തിക്കാനോ ഇതുവരെ കഴി‍ഞ്ഞിട്ടില്ല. ഇന്റീരിയർ പ്രവൃത്തികളാണ് ഇനി തീരാനുള്ളത്.

ഉദ്ഘാടനത്തിന് മുൻപേ പഴയതായി
നിർമാണം തുടങ്ങി 2 വർഷം കൊണ്ട് പണി പൂർത്തീകരിച്ചിരുന്നെങ്കിൽ അന്നു മുതൽ 52 മുറികളും വാടകയ്ക്ക് നൽകാൻ കഴിയുമായിരുന്നു. ശരാശരി ദിവസേന ഒരു ലക്ഷം രൂപയുടെ വരുമാനവുമുണ്ടാകുമായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ സർക്കാരിന് വന്ന നഷ്ടം. ഒരു വർഷത്തിനുള്ളിൽ ഇനി ഉദ്ഘാടനം നടന്നാലും കെട്ടിടത്തിന് അപ്പോഴേക്കും ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ടാകും. 16 കോടിയോളമാണ് ഇതുവരെ ചെലവാക്കിയത്. വിനോദ സഞ്ചാര രംഗത്ത് കുതിച്ചുചാട്ടം നടത്തിയ വയനാട്ടിൽ സീസൺ സമയത്ത് പലരും മുറി കിട്ടാതെ അലയുമ്പോഴാണ് ഈ അനാസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com