ടട്ടട്ട... ടടട്ടാ... വി ആർ ഫ്രം സിബിഐ കാശെട്; വിശ്വസിക്കാൻ യൂണിഫോം ധരിച്ചും ഫോൺ വിളി

Mail This Article
കൽപറ്റ ∙ പൊലീസ് ഉദ്യോഗസ്ഥരെന്നും കേന്ദ്ര അന്വേഷണ ഏജൻസിയിൽനിന്നാണെന്നും തെറ്റിദ്ധരിപ്പിച്ച് വിഡിയോ കോൾ ചെയ്തു പണം തട്ടിയെടുക്കാൻ ജില്ലയിൽ വ്യാപക ശ്രമം. സിബിഐ ഉദ്യോഗസ്ഥരെന്നു വിശ്വസിപ്പിച്ച് ജില്ലയിലെ ഒരു ഡോക്ടറിൽനിന്ന് 5 ലക്ഷം രൂപ തട്ടിച്ചെടുത്തതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത കേസ്. വിദേശത്തേക്ക് അയച്ച പാഴ്‌സലിൽ എംഡിഎംഎയും വ്യാജ സിം കാർഡുകളും പാസ്‌പോർട്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും സിംഗപ്പൂരിൽ പിടിച്ചുവച്ചിട്ടുണ്ടെന്നുമാണ് തട്ടിപ്പുസംഘം ഡോക്ടറെ കഴിഞ്ഞദിവസം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. തുടർന്ന് യൂണിഫോം ധരിച്ചും തട്ടിപ്പുസംഘം വിഡിയോ കോൾ ചെയ്തു. ഡോക്ടർ ഉപയോഗിക്കാതിരുന്ന അക്കൗണ്ടിലേക്ക് അവയവക്കടത്തു കേസിലെ പ്രതിയിൽനിന്നു 138 കോടി രൂപ കമ്മിഷനായി കൈപ്പറ്റിയിട്ടുണ്ടെന്നു പറഞ്ഞായിരുന്നു അടുത്ത ഭീഷണി.
ഡോക്ടർ നിരപരാധിയാണെന്നാണു തോന്നുന്നതെന്നു പറഞ്ഞു വിശ്വാസം നേടി. അക്കൗണ്ട് ലീഗലൈസേഷൻ ചെയ്യാനായി 5 ലക്ഷം രൂപ നൽകണമെന്നും അതുവരെ അനങ്ങരുതെന്നും പറഞ്ഞു. ഡോക്ടർ 5 ലക്ഷം രൂപ നൽകുകയും ചെയ്തു. പിന്നീടാണു തട്ടിപ്പ് ബോധ്യമായി സ്‌റ്റേഷനിൽ പരാതി നൽകുന്നത്. പലതരം ഓൺലൈൻ തട്ടിപ്പുകൾക്കു പുറമേ വ്യാജ അക്കൗണ്ടുകളിലൂടെ സൗഹൃദം സ്ഥാപിക്കുന്ന കുറ്റവാളികൾ പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങളും ആഭരണങ്ങളും തട്ടിയെടുക്കുന്ന സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്.
പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാങ്ങിയെടുത്ത് അത് സോഷ്യൽ മീഡിയ വഴിയും അശ്ലീല വെബ് സൈറ്റ് വഴിയും പ്രസിദ്ധപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിയെ വയനാട് സൈബർ ക്രൈം പൊലീസ് സംഘം അടുത്തിടെ പിടികൂടി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാപകമായി ഹാക്കർമാർ തട്ടിയെടുക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്. നിർമിതബുദ്ധി ഉപയോഗിച്ച് സഹപാഠികളുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളാക്കി മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ 13 വയസ്സുകാരൻ പിടിയിലായ സംഭവവും ഉണ്ടായി.
ഓൺലൈൻ തട്ടിപ്പ്: ലഭിച്ചത് 644 പരാതികൾ
ഈ വർഷം ഇതുവരെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഓൺലൈനായും നേരിട്ടും 644 പരാതികളാണ് ലഭിച്ചത്. ഇതിൽ 367 പരാതികൾ തീർപ്പാക്കി. 8 ലക്ഷത്തോളം രൂപ തിരിച്ചു പിടിച്ചു നൽകി. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിയ സ്രോതസ്സിലേക്കുള്ള സൈബർ ആക്രമണങ്ങളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വച്ചുള്ള ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ആക്രമണങ്ങളുമാണ് കൂടുതലായും ലഭിക്കുന്നത്.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തട്ടിപ്പു സംഘങ്ങളെ പിടികൂടാൻ പ്രായോഗിക തടസ്സമുണ്ട്.എങ്കിലും രാജ്യത്തെ വിവിധയിടങ്ങളിൽനിന്ന് തട്ടിപ്പുകാരെ പിടികൂടാൻ വയനാട് സൈബർ പൊലീസിനു കഴിഞ്ഞു.ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘങ്ങളെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്ന് വയനാട് സൈബർ പൊലീസ് പിടികൂടിയിട്ടുണ്ട്.
വിവിധ തട്ടിപ്പുകൾ, രീതികൾ; ഓൺലൈൻട്രേഡിങ് തട്ടിപ്പ്
പരിചിതമല്ലാത്ത ടെലഗ്രാം നമ്പറിൽനിന്നോ വിദേശ വാട്‌സാപ് നമ്പറിൽനിന്നോ ബന്ധപ്പെടുന്ന തട്ടിപ്പുകാർ ഏതെങ്കിലും ടാസ്‌കുകൾ നൽകി ആദ്യഘട്ടത്തിൽ ചെറിയ ലാഭം ഉപഭോക്താക്കൾക്ക് നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്. വിശ്വാസം ആർജിച്ചതിനു ശേഷം കൂടുതൽ പണം മുടക്കി വലിയ ടാസ്‌കുകൾ ചെയ്യിച്ചു പണം തട്ടുന്നു. നിരക്ഷരരും ദരിദ്രരുമായ പാവപ്പെട്ട ജനങ്ങളിൽനിന്നു വില കൊടുത്ത് വാങ്ങിയ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഉപയോഗിച്ച് പലപ്പോഴും വിദേശത്തുനിന്നാണ് തട്ടിപ്പ്.
ഓൺലൈൻ ജോലി തട്ടിപ്പ്
വിവിധ ഓൺലൈൻ ജോബ് പോർട്ടലുകളിൽനിന്ന് ഉദ്യോഗാർഥികളുടെ വ്യക്തി വിവരങ്ങൾ കരസ്ഥമാക്കുന്ന തട്ടിപ്പ് സംഘം വ്യാജ തൊഴിൽ വാഗ്ദാനം നൽകി വിവിധ ഫീസ് ഇനത്തിലാണ് പണം തട്ടിയെടുക്കുന്നത്. ഓഫർ ലെറ്റർ ലഭിച്ചാൽ തൊഴിൽദാതാവിന്റെ ആധികാരികത നേരിട്ടോ അവരുടെ യഥാർഥ വെബ്‌സൈറ്റ് പരിശോധിച്ചോ ഉറപ്പ് വരുത്തണം. വിദേശ ജോലിയാണെങ്കിൽ അതത് രാജ്യത്തെ എംബസിയുമായോ നോർക്ക പോലെയുള്ള ഇന്ത്യൻ ഏജൻസികൾ വഴിയോ ഉറപ്പ് വരുത്തി മാത്രമേ അപേക്ഷയുമായി മുന്നോട്ട് പോകാവൂവെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ ഗിഫ്റ്റ് തട്ടിപ്പ്
വിവിധ ഓൺലൈൻ ഷോപ്പിങ് കമ്പനികളിൽനിന്നു സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് വിവിധ ഫീസ് ഇനത്തിൽ പണം ആവശ്യമാണ് എന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്ന രീതിയാണിത്.
ഹാക്കിങ്
ഉപഭോക്താവിന്റെ കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഹാക്ക് ചെയ്‌തോ അവയിലെ സുരക്ഷാ വീഴ്ച ഉപയോഗപ്പെടുത്തിയോ ബാങ്കിങ് വിവരങ്ങൾ തട്ടിയെടുത്താണ് ഹാക്കർമാർ പണം തട്ടുന്നത്. ബാങ്കിങ് ഇടപാടുകൾ നടത്തുന്ന ഉപകരണങ്ങളിൽ അംഗീകൃത ഓപ്പറേറ്റിങ് സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുകയാണ് തട്ടിപ്പു തടയാനുള്ള പോംവഴികളിലൊന്ന്. റിമോട്ട് കൺട്രോൾ ആപ്പ് അടക്കമുള്ള അനാവശ്യ ആപ്പുകൾ ഡിജിറ്റൽ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യരുത്.
കസ്റ്റമർ കെയർ തട്ടിപ്പ്
ബാങ്കിന്റേതോ മറ്റേതെങ്കിലും കമ്പനിയുടേതോ കസ്റ്റമർ കെയറിൽനിന്നു വിളിക്കുകയാണെന്ന് ഇരകളെ വിശ്വസിപ്പിച്ച് പണം തട്ടുന്ന രീതിയാണിത്. ഇടപാടുകാരനെ കൊണ്ട് എനി ഡെസ്‌ക്, ടീം വ്യൂവർ പോലെയുള്ള റിമോട്ട് കൺട്രോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ ഏറ്റെടുക്കും. പിന്നീട് ഫോണിലെ ബാങ്കിങ് ആപ്പുകൾ ഉപയോഗിച്ച് പണം അടിക്കും.
വെർച്വൽ അറസ്റ്റ് തട്ടിപ്പ്
സോഷ്യൽമീഡിയ അക്കൗണ്ടുകളിൽനിന്നു വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചശേഷമാണ് ഇത്തരം തട്ടിപ്പുകാരെത്തുക. പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നോ എയർപോർട്ടിൽവന്ന പാഴ്സലിൽ നിയമവിരുദ്ധമായ ഉൽപന്നങ്ങളുണ്ടെന്നോ, നിരോധിത അശ്ലീല സൈറ്റ് സന്ദർശിച്ചുവെന്നോ ഇരകളെ അറിയിച്ചു ഭീഷണിപ്പെടുത്തുകയാണു ചെയ്യുക. വെർച്വൽ അറസ്റ്റ് ചെയ്തതായി അറിയിക്കുന്ന തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ നൽകാനും ബാങ്കിലെ പണം മറ്റേതെങ്കിലും അക്കൗണ്ടിലേക്കു മാറ്റുവാനും ആവശ്യപ്പെടും.
ലോൺ തട്ടിപ്പ്
വളരെ എളുപ്പത്തിൽ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്യുന്ന തട്ടിപ്പുകാർ അവരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഫോണിലെ കോണ്ടാക്ടും ഗാലറിയും കൈക്കലാക്കും. പിന്നീട് അനുവദിക്കുന്ന ചെറിയ തുകയ്ക്ക് അമിത പലിശ ഈടാക്കി ഏതാനും ദിവസങ്ങൾക്കകം പണം തിരിച്ച് കൊടുക്കുവാൻ ആവശ്യപ്പെടും. തിരിച്ച് അടച്ചാലും ഇല്ലെങ്കിലും വിവിധ ഗ്രൂപ്പുകൾ വഴി ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുക്കുന്നത്.
ഹണിട്രാപ്
അപരിചിതരായ സ്ത്രീകളുടെ പേരിൽനിന്നു വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തട്ടിപ്പുകാർ നഗ്‌ന വിഡിയോ കോൾ ചെയ്ത് അത് റിക്കാർഡ് ചെയ്ത് ഇടപാടുകാരന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന രീതിയാണ് ഇത്.