ഇരുളം മിച്ചഭൂമി: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം; ഭൂമിക്ക് ഇവരും അവകാശികൾ

Mail This Article
കൽപറ്റ ∙ ദീർഘകാലത്തെ കാത്തിരിപ്പിന് ഒടുവിൽ 26 പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾ കൂടി ഇനി ഭൂമിയുടെ അവകാശികളാകുന്നു. ഇരുളം മിച്ചഭൂമിയിൽ ഭൂമി ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന 18 പട്ടികജാതി കുടുംബങ്ങൾക്കും ഇരുളം മിച്ചഭൂമിയുമായി ബന്ധപ്പെട്ടു കല്ലോണിക്കുന്നിൽ ബ്ലോക്ക് 12ൽ ഉൾപ്പെട്ട ഭൂമിയിൽ 8 പട്ടികവർഗ കുടുംബങ്ങൾക്കുമാണ് ഇനി ഭൂമിയുടെ അവകാശം ലഭിക്കുക. കിടങ്ങനാട് വില്ലേജിൽ ബ്ലോക്ക് 13 റീസർവേ 60ൽപെട്ട ഭൂമിയാണ് 18 കുടുംബങ്ങൾക്കായി പതിച്ചു നൽകുന്നത്. ഇതിനുള്ള നറുക്കെടുപ്പ് കലക്ടർ രേണു രാജിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്നു. ഭൂമി ലഭിച്ച മുഴുവൻ കുടുംബങ്ങളും നറുക്കെടുപ്പിലൂടെ അവരവരുടെ ഭൂമി തരം തിരിച്ച് സ്ഥിരീകരിച്ചു.
ഇവർക്കായി ഭൂമി പതിച്ചു നൽകുന്നതോടെ ജില്ലയിലെ അടുത്ത പട്ടയമേളയിൽ പട്ടയവും ലഭ്യമാക്കുമെന്നു കലക്ടർ പറഞ്ഞു. കലക്ടറുടെ 2020 ലെ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ചാണു ചെതലയത്തുള്ള ഭൂമി റവന്യു ഭൂമിയായി നിലനിർത്തി പട്ടിക ജാതിയിൽപെട്ട 19 പേർക്കു പതിച്ചു നൽകാൻ സർക്കാർ ഉത്തരവിട്ടത്. ഇതിൽ ഒരു അവകാശി മരിച്ചു. പതിറ്റാണ്ടുകളായുള്ള സ്വന്തം ഭൂമിയെന്ന ഇവരുടെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഇരുളം മിച്ചഭൂമിയിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട കല്ലൂർ കേശവന് ഒന്നാമത്തെ സ്ലോട്ട് ലഭിച്ചു. ഭൂമി ലഭിച്ചവരുടെ പ്രതിനിധിയായി കേശവൻ ജില്ലാ ഭരണകൂടത്തിനു നന്ദി അറിയിച്ചു. എൽആർ ഡപ്യൂട്ടി കലക്ടർ സി.മുഹമ്മദ് റഫീഖ്, ബത്തേരി എൽആർ തഹസിൽദാർ പി.ജെ.ജോസഫ്, ഹുസൂർ ശിരസ്തദാർ വി.കെ.ഷാജി എന്നിവർ പങ്കെടുത്തു.