ജനവാസമേഖലകളിൽ നാശം വരുത്തി കാട്ടാനകൾ : വിടാൻ ഭാവമില്ല, സഹികെട്ട് ജനങ്ങൾ

Mail This Article
പനമരം ∙ കാട്ടാനക്കൂട്ടം വനാതിർത്തി വിട്ട് ടൗൺ പ്രദേശങ്ങളിലെത്തി നാശനഷ്ടം തീർക്കുന്നു. പനമരം, പൂതാടി, പുൽപള്ളി പഞ്ചായത്തുകളിലെ ടൗണിനടുത്തുള്ള ജനവാസ മേഖലകളിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാട്ടാനകളുടെ വിളയാട്ടം. ഇന്നലെ പുലർച്ചെ നടവയൽ ടൗണിനു സമീപം പള്ളിത്താഴെ എത്തിയ കാട്ടാനകൾ കേണിച്ചിറ - നെല്ലിയമ്പം റോഡിനോട് ചേർന്നുള്ള കൃഷിയിടത്തിനു ചുറ്റം സ്ഥാപിച്ച ചുറ്റുമതിലും ഗേറ്റും തകർത്തു. റിട്ട. അധ്യാപകനായ പരുവുമ്മേൽ ജോസ് പൗലോസിന്റെ ഗേറ്റും മതിലുമാണു തകർത്തത്. മതിൽ തകർത്ത് പ്രധാന റോഡിലിറങ്ങിയ കാട്ടാന സെന്റ് ആൻസ് ആശുപത്രി വളപ്പിൽ അടുത്തിടെ നിർമിച്ച കമ്പിവേലിയും തകർത്ത് രാവിലെ ആറരയോടെയാണ് വനത്തിലേക്ക് മടങ്ങിയത്.

കഴിഞ്ഞ 3 ദിവസമായി ഈ പ്രദേശത്തെത്തുന്ന കാട്ടാനകൾ ഒട്ടേറെ കർഷകരുടെ കൃഷികളും വേലികളും തകർത്തിട്ടുണ്ട്. കഴിഞ്ഞദിവസം നടവയൽ ടൗണിനോടു ചേർന്ന ഇരട്ടമുണ്ടക്കൽ സജി ജോസഫിന്റെ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന വൈദ്യുത മോട്ടർ കുളത്തിൽ ചവിട്ടി താഴ്ത്തുകയും പൈപ്പുകൾ നശിപ്പിക്കുകയും ചെയ്തു. ആന കുളം നശിപ്പിച്ചതോടെ കുളത്തിലെ മീനുകളും ചത്തുപൊങ്ങിയിരുന്നു. കുളത്തിൽ ചെളിയിൽ പൂണ്ടു കിടന്ന മോട്ടർ വനപാലകരാണ് കരയ്ക്കു കയറ്റിയത്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ വാഴയും കാപ്പിയും നശിപ്പിച്ചതിനു പുറമേ പാട്ടത്തിന് സ്ഥലമെടുത്തു കൃഷിയിറക്കിയ 1000 നേന്ത്രവാഴകളിൽ വിളവെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിയുള്ള നൂറോളം വാഴകളും കാട്ടാന നശിപ്പിച്ചു.

വനാതിർത്തികളിലെ വാഴയും തെങ്ങും തീർന്നതാണ് കാട്ടാനകൾ ടൗൺ പ്രദേശങ്ങളിലേക്ക് എത്താൻ കാരണമെന്ന് കർഷകർ പറയുന്നു. കേണിച്ചിറ ടൗണിനോടു ചേർന്ന ആരോഗ്യകേന്ദ്രത്തിനു സമീപവും എടക്കാട്, ചീങ്ങോട് പ്രദേശങ്ങളിലും പനമരം ടൗണിനു സമീപവും കഴിഞ്ഞദിവസം കാട്ടാനകളെത്തി നാശം വിതച്ചിരുന്നു. പനമരം ടൗണിനു സമീപമെത്തിയ 4 കാട്ടാനകൾ ഒരു പകൽ മുഴുവൻ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി പിറ്റേന്ന് പുലർച്ചെയാണ് വനത്തിലേക്ക് മടങ്ങിയത്. വനാതിർത്തിയിൽ വനംവകുപ്പ് മുൻപ് സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങൾ പൂർണമായും തകർന്നു കിടക്കുന്നതാണ് കാട്ടാനകൾ സ്ഥിരമായി നാട്ടിലിറങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു.

മേപ്പാടി ∙ പാടിവയൽ നസ്രാണിക്കാട് പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസമെത്തിയ കാട്ടാന വീടിന്റെ മുറ്റത്ത് എത്തുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തു. സമീപത്തെ എസ്റ്റേറ്റിൽ നിന്നടക്കം എത്തുന്ന കാട്ടാനകൾ പ്രദേശത്താകെ ഭീതി പരത്തുകയാണ്. വൈകിട്ട് അഞ്ച് കഴിയുമ്പോഴേക്കും വീടുകളുടെ പരിസരത്തേക്കും കൃഷിയിടങ്ങളിലും റോഡരികിലുമെല്ലാം കാട്ടാനകളെത്തും. രാവിലെയും രാത്രിയുമെല്ലാം ജോലികൾക്കായി മറ്റും പോകുന്നവരും വരുന്നവരുമെല്ലാം കാട്ടാനയുടെ മുൻപിൽ പെടുന്നതും പതിവാണ്. പ്രദേശത്ത് ഫെൻസിങ് അടക്കമുള്ള ഒരു സൗകര്യവുമില്ല. കഴിഞ്ഞ ദിവസമെത്തിയ കാട്ടാന പാടിവയൽ രവീന്ദ്രന്റെ തോട്ടത്തിലെ കൃഷികൾ നശിപ്പിച്ചു. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന പൈപ്പുകളും കാട്ടാന തകർത്തിട്ടുണ്ട്.

