ADVERTISEMENT

അമ്പലവയൽ ∙ എടയ്ക്കൽ ഗുഹയുടെ സമഗ്ര വികസനത്തിന് 2.90 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട് 9 മാസം പിന്നിട്ടിട്ടും തുടർനടപടികളില്ല. എടയ്ക്കൽ ഗുഹയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് സന്ദർശനത്തിന് എത്തുന്നവർക്ക് കൂടുതൽ സൗകര്യമെ‍ാരുക്കുന്നതിനു കഴിഞ്ഞ നവംബറിലാണു ടൂറിസം വകുപ്പ് തുക അനുവദിച്ചത്. എന്നാൽ, ഭരണാനുമതി ലഭിച്ചതല്ലാതെ തുടർനടപടികളെന്നും ഇതുവരെയും നടക്കാത്തതിനാൽ വികസന പ്രവൃത്തികൾ അനന്തമായി നീളുകയാണ്.

സാങ്കേതിക അനുമതിയും ടെൻഡർ നടപടികളുമടക്കം പൂർത്തിയാക്കിയശേഷമേ പ്രവൃത്തികൾ ആരംഭിക്കാനാകൂ. ഇതിനു മാസങ്ങളെടുക്കുമെന്നതിനാൽ പ്രവൃത്തികൾ ഇനിയും വൈകുമെന്നുറപ്പ്. ശുചിമുറി മുതൽ എടയ്ക്കൽ ഗുഹയിലേക്കുള്ള റോഡുവരെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്. പ്രവൃത്തികൾ ആരംഭിച്ചാൽ 18 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന നിർദേശത്തോടെയാണ് തുക അനുവദിച്ചത്.

ജില്ലയിൽ ഡിടിപിസി കേന്ദ്രങ്ങളിൽ സന്ദർശകർ ഏറെയുള്ള കേന്ദ്രങ്ങളിലെ‍ാന്നാണ് എടയ്ക്കൽ ഗുഹ. സന്ദർശകരെ ദിവസവും 1920 പേരായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ ദിവസവും തന്നെ ഇത്രയും സഞ്ചാരികളെത്തുന്നുണ്ട്. ആഴ്ച അവസാനങ്ങളിലും അവധി ദിവസങ്ങളിലും ഗുഹ സന്ദർശനത്തിന് കൂടുതൽ സഞ്ചാരികളെത്തുന്നുണ്ടെങ്കിലും വേഗത്തിൽ പ്രതിദിന സന്ദർശകരുടെ എണ്ണം തീരുന്നതിനാൽ എടയ്ക്കൽ ഗുഹ കാണാതെ മടങ്ങേണ്ടി വരികയാണ്.ഗുഹയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായി പാതയുടെ അറ്റകുറ്റപ്പണികൾ ഇടയ്ക്ക് നടത്താറുണ്ടെങ്കിലും നവീകരണം നടന്നിട്ട് കാലങ്ങളായി.

ലക്ഷ്യം വയ്ക്കുന്ന വികസന പ്രവൃത്തികൾ
എടയ്ക്കൽ ഗുഹയിലേക്കുള്ള റോഡ് നവീകരണം, ഗുഹയിലേക്കുള്ള വഴിയിൽ കൈപ്പിടികൾ സ്ഥാപിക്കൽ, പ്രവേശന കവാടം ഒരുക്കൽ, ഗുഹയിലേക്കുള്ള റോഡരികിൽ സന്ദർശകർക്കായി ഇരിപ്പിടങ്ങൾ, മാലിന്യക്കൂടകൾ എന്നിവ സ്ഥാപിക്കൽ, വഴിയിൽ ടൈലുകൾ പതിക്കൽ, ലൈറ്റുകൾ സ്ഥാപിക്കൽ, സുരക്ഷാ സംവിധാനത്തിന് സിസിടിവി സ്ഥാപിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് 2.90 കോടി രൂപ ഉപയോഗിച്ച് എടയ്ക്കൽ ഗുഹയിൽ നടത്തേണ്ടത്.തിരഞ്ഞെടുപ്പ് തിരക്കിലായതിനാൽ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ചേരാൻ സാധിച്ചില്ലെന്നും അതിനാലാണ് എടയ്ക്കൽ ഗുഹയ്ക്ക് അനുവദിച്ച തുകയുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ വൈകിയതെന്നും അധികൃതർ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com