ഊട്ടിയിലെ കുതിരപ്പന്തയമൈതാനത്ത് ഇനി ഓര്മക്കുളമ്പടി

Mail This Article
ഗൂഡല്ലൂർ ∙ ഊട്ടിയിലെ രാജ്യാന്തര പ്രസിദ്ധമായ കുതിരപ്പന്തയത്തെ ചരിത്രത്തിന്റെ ഭാഗമാക്കി പന്തയമൈതാനത്ത് ഇക്കോ പാര്‍ക്ക് നിര്‍മിക്കാനുള്ള നീക്കവുമായി തമിഴ്നാട് ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ്. പാര്‍ക്ക് നിര്‍മാണത്തിനായി കുതിരപ്പന്തയ മൈതാനത്തെ പുല്ല് വെട്ടിമാറ്റിത്തുടങ്ങി. ഇതോടെ, 1846 മുതല്‍ നടന്നുവന്നിരുന്ന കുതിരപ്പന്തയം ഓര്‍മയാകും. തമിഴ്നാട്ടില്‍ ചെന്നൈയിലും ഊട്ടിയിലുമാണു കുതിരപ്പന്തയ മൈതാനമുള്ളത്. മദ്രാസ് റേസ് ക്ലബിന്റെ ഉടമസ്ഥതയിലായിരുന്ന ഊട്ടി കുതിരപ്പന്തയ മൈതാനം, ക്ലബ് പാട്ടക്കുടിശിക വരുത്തിയതോടെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
99 വർഷത്തെ പാട്ടക്കരാർ അവസാനിച്ചതോടെ 1979 ൽ കരാർ സർക്കാർ പുതുക്കി നൽകിയിരുന്നു. ഇതനുസരിച്ച് ഇപ്പോള്‍ ക്ലബ് 822 കോടി രൂപ സർക്കാരിന് നൽകണം. സ്ഥലം ഏറ്റെടുക്കാനും പൊതു ആവശ്യത്തിനു വേണ്ടി ഉപയോഗിക്കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. 55 ഏക്കർ സ്ഥലത്താണ് മൈതാനം. രണ്ട് വർഷം മുൻപ് ഊട്ടി നഗരസഭ പാർക്കിങ്ങിനു വേണ്ടിയും ഇവിടെ സ്ഥലം ഏറ്റെടുത്തിരുന്നു. ബാക്കി 52.34 ഏക്കർ ഭൂമിയിലാണ് ഇക്കോ പാര്‍ക്ക് വരിക. ഇതിനായി മൈതാനത്തിലെ മാർദവമുള്ള പുല്ല് വെട്ടി മാറ്റുന്ന പ്രവൃത്തി ആരംഭിച്ചതോടെ ഊട്ടി നഗരത്തിലെ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലെ പച്ചപ്പ് നിറഞ്ഞ മൈതാനവും കുതിരക്കുളമ്പടിയും ഓർമയാകുകയാണ്.