ADVERTISEMENT

കൽപറ്റ ∙ വയനാട് കലക്ടറായി ഡി.ആർ. മേഘശ്രീ ചുമതലയേറ്റു. പട്ടികവർഗ വികസന വകുപ്പ്, കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും തുടർ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെയും വയനാടൻ ജനതയുടെയും സഹകരണം ഉണ്ടാവണമെന്നും കലക്ടർ പറഞ്ഞു. ചുമതലയേൽക്കാൻ കലക്ടറേറ്റിൽ കുടുംബത്തോടൊപ്പമെത്തിയ കലക്ടറെ എഡിഎം കെ.ദേവകി സ്വീകരിച്ചു. 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആർ.മേഘശ്രീ, കർണാടക ചിത്രദുർഗ സ്വദേശിനിയാണ്.

കാഞ്ഞങ്ങാട് സബ് കലക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മിഷണർ, സംസ്ഥാന പട്ടികജാതി -പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ എന്നീ തസ്തികളിൽ സേവനമനുഷ്ഠിച്ചിരുന്നു. കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ വിക്രം സിംഹയാണ് ഭർത്താവ്. വിസ്മയ, ധൃതി എന്നിവർ മക്കളാണ്. വയനാട്ടിൽ ചുമതലയേറ്റ ശേഷം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും മനസ്സിലുള്ള ആശയങ്ങളെക്കുറിച്ചും കലക്ടർ സംസാരിക്കുന്നു:

മുൻഗണന നിശ്ചയിക്കും
വയനാട് കലക്ടറായുള്ള ചുമതല മികച്ച അവസരമായാണു കാണുന്നത്. മുൻഗാമികളുടെ പാത പിന്തുടർന്നുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിനു ചെയ്യാനാകും. ആദിവാസി മേഖലയുടെയും ടൂറിസം-കൃഷി- ആരോഗ്യ ചികിത്സാ രംഗത്തെ വികസനത്തിനും പ്രാധാന്യം നൽകും.

സമഗ്രവികസനം
വികസനസാധ്യതകളും ആവശ്യങ്ങളും മനസ്സിലാക്കി‍ പദ്ധതികൾ ആവിഷ്കരിക്കും. പട്ടികവർഗക്കാർ ഏറെയുള്ള ജില്ലയാണ്. ടൂറിസം, കൃഷി രംഗത്തും ഒട്ടേറെ സാധ്യതകളുണ്ട്. മറ്റു വകുപ്പുകളുമായി സഹകരിച്ച് സമഗ്രവികസനത്തിനു പദ്ധതി തയാറാക്കും. ആസ്പിരേഷനൽ ജില്ലയാണു വയനാട്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഒട്ടേറെ പദ്ധതികൾ നടന്നുവരുന്നുണ്ട്. ഇതിനു നല്ല രീതിയിൽ തുടർച്ചയുണ്ടാകും. ഭരണ-ആസൂത്രണ മികവിലൂടെ വികസനസൂചികകളിൽ കൂടുതൽ ഉയർന്ന സ്ഥാനത്തെത്താൻ വയനാടിനു കഴിഞ്ഞിട്ടുണ്ട്.

ജനസൗഹൃദ സിവിൽ സർവീസ്
ഭരണസംവിധാനം കൂടുതൽ ജനസൗഹൃദമാക്കാനാണ് ആഗ്രഹിക്കുന്നത്. പട്ടികവർഗവകുപ്പ് ഡയറക്ടറായി ജോലി ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും വയനാട് കലക്ടർ എന്ന നിലയിലുള്ള ചുമതല നടപ്പാക്കാൻ സഹായിക്കുമെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com