ADVERTISEMENT

കൽപറ്റ ∙ ജൂണിൽ ആരംഭിച്ച കാലവർഷം 5 ആഴ്ച പിന്നിടുമ്പോൾ വയനാട്ടിൽ 41 ശതമാനം മഴക്കുറവ്. ജൂൺ 1 മുതൽ ജൂലൈ 9 വരെ 967 മില്ലിമീറ്റർ മഴ പെയ്യേണ്ടിയിരുന്ന സ്ഥാനത്തു ജില്ലയിൽ ഇക്കുറി 571.3 എംഎം മഴ മാത്രമാണു പെയ്തത്. കേരളത്തിൽ ഇടുക്കിയിൽ മാത്രമാണു വയനാട്ടിനെക്കാൾ മഴക്കുറവുള്ളത്- 44 ശതമാനം. തുടർച്ചയായുള്ള വർഷങ്ങളിൽ ജില്ലയിലുണ്ടാകുന്ന മൺസൂൺ മഴക്കുറവ് കൃഷിമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

മുൻകാലങ്ങളെക്കാൾ മഴക്കാലത്തുപോലും ജില്ലയിൽ താപനില ഉയർന്നാണു നിൽക്കുന്നത്. ഇതു കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ ലക്ഷണമാണ്. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷമെത്തിയെങ്കിലും ആദ്യദിനങ്ങളിൽ മാത്രമാണു കാര്യമായ മഴ ലഭിച്ചത്. പിന്നീട് ഇടവിട്ട ദിവസങ്ങളിൽ മഴ പെയ്തെങ്കിലും ശക്തമായി നിന്നു പെയ്യുന്ന തരത്തിലുള്ള മഴ കുറവായിരുന്നു. പെട്ടെന്നു പെയ്ത് ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂഗർഭ ജലനിരപ്പ് ഉയർത്താനും സഹായകരമായില്ല. മഴ കുറയുന്നതു കൃഷിമേഖലയെ ആശങ്കയിലാക്കുകയാണ്.

പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ പല നെൽപാടങ്ങളിലും വെള്ളമില്ലാത്തതിനെത്തുടർന്ന് ഇക്കുറി കൃഷിയിറക്കാനായിട്ടില്ല. ഇടയ്ക്കു വീശിയടിച്ച കാറ്റിലും പേമാരിയിലും കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ പ്രതിസന്ധി വേറെ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സമൃദ്ധമായ മഴ ലഭിക്കുമെന്ന പ്രവചനത്തിൽ ആശ്വാസം കണ്ടെത്തുകയാണു കൃഷിമേഖല.

കഴിഞ്ഞ കുറെ വർഷങ്ങളായി വയനാട്ടിൽ മഴക്കാലത്തിനു പഴയ ശക്തിയോ തുടർച്ചയോ സ്ഥിരതയോ ഇല്ല. ഇടയ്ക്കു രണ്ടുതവണ വൻ പ്രളയങ്ങളും തൊട്ടുപിന്നാലെയുണ്ടായ കൊടിയ വരൾച്ചയും കാലാവസ്ഥ മാറ്റിമറിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം വളരെ ദുർബലമായ 2018ലും 2019ലുമാണ് വയനാട്ടിൽ വലിയ പ്രളയങ്ങളുണ്ടായത്. 2018ൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ച പിന്നിട്ടപ്പോൾ വയനാട്ടിൽ 67 ശതമാനമായിരുന്നു മഴക്കുറവ്.

ജൂണിൽ 45 ശതമാനത്തിന്റെയും ജൂലൈയിൽ 25 ശതമാനത്തിന്റെയും കുറവുണ്ടായി, 2019 ജൂണിൽ 16 ശതമാനവും ജൂലൈയിൽ 18 ശതമാനവും മഴ കുറഞ്ഞു. എന്നാൽ, കാലവർഷത്തിലെ മഴക്കുറവ് അടിസ്ഥാനമാക്കി പ്രളയസാധ്യത ഇപ്പോഴേ പ്രവചിക്കുന്നത് അശാസ്ത്രീയമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. 2020ൽ ശരാശരി 311 മില്ലിമീറ്റർ മഴ കിട്ടേണ്ട ജൂൺ മാസത്തിൽ 184 മില്ലിമീറ്റർ മാത്രമാണു പെയ്തത്.

2022ൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഏറ്റവും കുറ‍ഞ്ഞതു വയനാട്ടിലായിരുന്നു. 37 ശതമാനം മഴക്കുറവാണ് ഉണ്ടായത്. കഴിഞ്ഞ ജൂണിലും‍ സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കുറവുണ്ടായതു വയനാട്ടിലായിരുന്നു. പ്രളയകാലം മാറ്റിനിർത്തിയാൽ 2017 വരെ തുടർച്ചയായ 20 വർഷത്തോളം വയനാട്ടിൽ മഴ കുറഞ്ഞുവരികയാണ്. വയനാടിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവിലും തോതിലും വ്യത്യാസമുണ്ട്.

വയനാട്ടിലെ മഴ ജൂണിൽ
2020  184 എംഎം
2021  325 എംഎം
2022  73 എംഎം
2023  71 എംഎം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com