പേരുപോലെ മികവിന്റെ കേന്ദ്രം; മൂന്ന് മാസം ഉൽപാദിപ്പിച്ചത് 6000 കിലോഗ്രാം പച്ചക്കറികൾ

Mail This Article
അമ്പലവയൽ ∙ മൂന്ന് മാസം ഉൽപാദിപ്പിച്ചത് 6000 കിലോഗ്രാം പച്ചക്കറികൾ. നൂറുമേനിയിൽ പച്ചക്കറി വിളഞ്ഞ് അമ്പലവയലിലെ മികവിന്റെ കേന്ദ്രം. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ സെന്റർ ഒാഫ് എക്സലൻസിലാണ് പച്ചക്കറിക്കൃഷിയിൽ 3 മാസത്തിനുള്ളിൽ 6 ടൺ പച്ചക്കറിയുടെ വലിയ വിളവുണ്ടാക്കിയത്. കഴിഞ്ഞ വർഷം മേയിൽ ഉദ്ഘാടനം ചെയ്ത കേന്ദ്രം ഏറെക്കാലം പ്രവർത്തനമില്ലാതെ കിടന്നെങ്കിലും ഇപ്പോൾ പച്ചക്കറികളുടെ മികച്ച ഉൽപാദനമാണ് നടക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറി, പുഷ്പ കൃഷികളുടെ തൈകൾ ഉൽപാദിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 13. 7 കോടി ചെലവിൽ നിർമിച്ചതാണ് കേന്ദ്രം.
മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഒാഫ് ഹോർട്ടികൾചർ പദ്ധതിയുടെയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായിട്ടാണ് മികവിന്റെ കേന്ദ്രം തുടങ്ങിയത്. ഡച്ച് മാതൃകയിലും ഇന്ത്യൻ മാതൃകയിലുമായി തീർത്ത 5 പോളി ഹൗസുകൾ വീതവും വിത്ത് ഉൽപാദനത്തിനായി തീർത്ത 5 പോളിഹൗസും (നാലെണ്ണം ഇന്ത്യൻ മാതൃകയും, ഒന്ന് ഡച്ച് മാതൃകയും) നാല് ഷെയ്ഡ് നെറ്റ് പോളി ഹൗസുകളുമാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഏറെക്കാലം വെറുതെ കിടന്ന ഇവയെല്ലാം ഇന്ന് വിവിധ പച്ചക്കറികൾ സാങ്കേതിക വിദ്യയും ഡച്ച് മാതൃകയും പിൻപറ്റി വലിയ തോതിൽ പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ തുടങ്ങി. ഒട്ടേറെ തവണ വിളവെടുപ്പും പൂർത്തിയാക്കി.
മാർക്കറ്റ് കണ്ടെത്തണം
വൻതോതിൽ പച്ചക്കറി ഉൽപാദനത്തിലേക്ക് കടന്നെങ്കിലും അതിന് പൂർണമായി മാർക്കറ്റ് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. കൃഷി വകുപ്പിൽ നിന്ന് 2 കൃഷി ഒാഫിസർമാരടക്കമുള്ളവർക്ക് നെതർലൻഡ്സിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നെങ്കിലും അതിൽ ഒരാളെ മാത്രമേ മികവിന്റെ കേന്ദ്രത്തിലേക്ക് കൃഷി വകുപ്പ് വിട്ടുനൽകിയിട്ടുള്ളൂ.
പരിശീലനം ലഭിച്ച കൃഷി ഒാഫിസറെ ഇതുവരെ കൃഷി വകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റത്തത് പ്രതിസന്ധിയാണ്. വിപണന, മാർക്കറ്റിങ് സംവിധാനം കൂടി കൃത്യമായി നടപ്പാക്കിയാൽ മാത്രമേ വൻതോതിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ പൂർണമായും വിൽക്കാനുള്ള സാഹചര്യമൊരുങ്ങൂ.
കർഷകർക്ക് പ്രതീക്ഷ
പോളിഹൗസുകളിലെല്ലാം തക്കാളി, പടവലങ്ങ, കക്കിരി, വഴുതന, പാവയ്ക്ക, മുളക്, വെണ്ട, പയർ തുടങ്ങിയവ നൂറുമേനി വിളഞ്ഞതോടെ മികവിന്റെ കേന്ദ്രം കർഷകർക്ക് വീണ്ടും പ്രതീക്ഷകൾ നൽകുന്നതാണ്. കർഷകരിലേക്ക് ആധുനിക കൃഷി രീതികളുടെ പരിശീലനത്തിനും മികവിന്റെ കേന്ദ്രം വഴി തുറക്കും.
കഴിഞ്ഞ 3 മാസം ഉൽപാദിപ്പിച്ച പച്ചക്കറികൾ (കിലോ കണക്കിൽ).
കക്കിരി 2950
വഴുതന 1383
പയർ 410
മുളക് 328
പടവലങ്ങ 328
പാവയ്ക്ക 248
തക്കാളി 178
വെണ്ട 215
മൊത്തം 6040