നെൽപാടത്ത് നെറ്റ് പരീക്ഷണം; വല വിരിക്കുന്നത് കാട്ടുപക്ഷികളിൽ നിന്നു വിത്ത് സംരക്ഷിക്കാൻ
Mail This Article
ബത്തേരി∙കാട്ടാനയ്ക്കും കാട്ടുപന്നിക്കും മാനിനും മയിലിനും പിന്നാലെ പക്ഷിക്കൂട്ടങ്ങളും കാർഷിക വിളകൾ ഭക്ഷിക്കാൻ കൃഷിയിടങ്ങളിലേക്ക്. ഞാറൊരുക്കാൻ വിത്തു വിതച്ചിട്ട പാടത്തേക്ക് കൂട്ടമായി കാട്ടുപക്ഷികളും പ്രാവുകളും എത്തിയതോടെ പാടം വലയിട്ട് മൂടേണ്ടി വന്നു ഓടപ്പള്ളത്തെ തയ്യിൽ അനൂപ് എന്ന കർഷകന്. അരയേക്കറോളം വരുന്ന വയലിൽ നെൽക്കൃഷി ചെയ്യുന്നതിന് ഞാറിനായി ഒരാഴ്ച മുൻപാണ് ഓടപ്പള്ളം നാരകക്കൊല്ലി വയലിൽ അനൂപ് വിത്ത് വിതച്ചത്. എന്നാൽ പിറ്റേന്നു മുതൽ വിവിധ ഇനങ്ങളിലുള്ള ഒട്ടേറെ കിളികൾ പറന്നെത്തി.
വയലിനോട് അതിർത്തി പങ്കിടുന്ന വനമേഖലയിൽ നിന്ന് ഇരുപതിലധികമുള്ള കൂട്ടമായാണ് പക്ഷികളെത്തിയത്. സമീപത്തെ കമുകിൻ തോട്ടങ്ങളിൽ കൂടു കൂട്ടിയ കിളികളും നെല്ലു കൊത്തിത്തിന്നാനെത്തി. 2 ദിവസം രാവും പകലും കാവൽ നിന്നെങ്കിലും ഭക്ഷണം തേടിയുള്ള കിളികളുടെ വരവ് നിലച്ചില്ല. തുടർന്നാണ് വിത്തു പാകിയ പാടം വലയിട്ട് മൂടിയാലോ എന്ന ചിന്ത ഉണ്ടായതെന്ന് അനൂപ് പറയുന്നു. ചുറ്റും കമ്പുകൾ നാട്ടി വലയിട്ട് മൂടിയ നെൽക്കണ്ടത്തിൽ ഇപ്പോൾ നിറയെ ഞാറുകൾ മുളച്ചിട്ടുണ്ട്. കിളികൾ വന്ന് വട്ടമിട്ട് പറന്നെങ്കിലും രക്ഷയില്ലെന്ന് മനസ്സിലായതിനാലാകാം ഇപ്പോൾ വരാറില്ല.