ഇനിയില്ല ആ പഴയ വെള്ളാർമല സ്കൂൾ, കുഞ്ഞുങ്ങൾ; ദുരന്തഭൂമിയിൽ കണ്ണിടറി ഒരധ്യാപകൻ

Mail This Article
ചൂരൽമല ∙ കളിചിരികളില്ലാത്ത ആ സ്കൂൾ അങ്കണത്തിലേക്ക് കടന്നപ്പോൾ കെ.അൻവർ സാദിഖ് എന്ന ചരിത്രാധ്യാപകന്റെ ഉള്ളൊന്നുലഞ്ഞു. ഇനിയില്ല ആ പഴയ സ്കൂൾ. തന്റെ പ്രിയപ്പെട്ട കുട്ടികളിൽ പലരെയും മലവെള്ളം തട്ടിയെടുത്തിരിക്കുന്നു. വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്‌ഇ കെട്ടിടത്തിന്റെ വരാന്തയിൽനിന്ന് അദ്ദേഹം അകത്തേക്കു നോക്കി. ‘അടുത്ത ദിവസം വിതരണം ചെയ്യാനിരുന്ന 54 വിദ്യാർഥികളുടെ പ്ലസ് ടു സർട്ടിഫിക്കറ്റുകൾ... ഇത്തവണ പ്രവേശനം നേടിയ 55 പേരുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ... എല്ലാ രേഖകളും ആ മുറിയിലായിരുന്നു.
ജീവനറ്റ ശരീരങ്ങൾ പോലെ അവയും ഉപയോഗശൂന്യം!’. കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച സ്കൂളിന് അവധി നൽകിയിരുന്നു. ചൊവ്വാഴ്ച പുലർന്നപ്പോൾ എല്ലാം തകരുകയും ചെയ്തു. പ്ലസ് വൺ ക്ലാസിലെ നജ ഫാത്തിമ, കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയ സഹല നസ്രീൻ, മഹേഷ് തുടങ്ങി കാണാതായ കുട്ടികളുടെ പേരുകൾ പറയുമ്പോൾ അൻവർ സാദിഖിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
നരിക്കുനി സ്വദേശിയായ അൻവർ സാദിഖ് കഴിഞ്ഞ 9 വർഷമായി ഇവിടെ അധ്യാപകനാണ്. എൻഎസ്എസ് പ്രോഗ്രാം ഓഫിസറായിരുന്ന അദ്ദേഹത്തിന്റെ വാടകവീടും സ്കൂളിനു സമീപത്താണ്.