40 ദിവസം പ്രായമായ അനാറയെ കയ്യിൽ ചേർത്തു പിടിച്ച് തൻസീറ ടെറസിൽ തൂങ്ങി നിന്നു; പക്ഷേ, ഉമ്മയും വല്യുമ്മയും നഷ്ടമായി

Mail This Article
മേപ്പാടി∙ മഹാ ദുരന്തത്തെ അതിജീവിച്ച പിഞ്ചുകുഞ്ഞും സഹോദരനും വേദനയ്ക്കിടയിലെ ആശ്വാസമാകുന്നു. പൂർണമായും തകർന്ന ചൂരൽമലയിലെ പൊറ്റമ്മൽ വീട്ടിൽ നിന്നാണ് ഈ ആശ്വാസം പകരുന്ന വാർത്ത. 40 ദിവസം മാത്രം പ്രായമായ അനാറയും 6 വയസ്സുകാരൻ മുഹമ്മദ് ഹയാനും ആണ് ദുരന്തത്തെ അതിജീവിച്ച കുരുന്നുകൾ. മഴ വെള്ളം കുത്തിയൊലിച്ചെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന ഉമ്മ തൻസീറ, ഇവരുടെ ഉമ്മ ആമിന, വല്യുമ്മ പാത്തുമ്മ അടക്കം 6 പേരും കുത്തൊഴുക്കിൽ പെട്ടു തെറിച്ചു പോയി.

എന്നാൽ അനാറയെ കയ്യിൽ ചേർത്തു പിടിച്ച് തൻസീറ തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസിൽ തൂങ്ങി നിന്നു. വീണ്ടും വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ അനാറ കൈയിൽ നിന്നു ഊർന്നു പോയെങ്കിലും അവളുടെ കൈകളിൽ പിടിത്തം കിട്ടി. കയ്യിൽ തൂങ്ങി നിന്നതിനാൽ കൈകൾക്ക് പൊട്ടൽ സംഭവിച്ച നിലയിൽ അനാറ ജീവിതത്തിലേക്ക് മടങ്ങി. ഇതേ സമയം കുത്തൊഴുക്കിൽ പെട്ട് ഹയാൻ 100 മീറ്ററോളം ദൂരത്തേക്ക് തെറിച്ചു പോയിരുന്നു. തൊട്ടടുത്ത വീട്ടിലെ കിണറിന്റെ കപ്പി കുടുക്കുന്ന കമ്പിയിൽ തൂങ്ങി നിന്ന നിലയിൽ ഹയാനെ രക്ഷാ പ്രവർത്തകർ എത്തി രക്ഷിക്കുകയായിരുന്നു. കുരുന്നുകൾ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും ഉമ്മയും വല്യുമ്മയും നഷ്ടമായതിന്റെ ഷോക്കിലാണ് തൻസീറ.