ഷാഫിയെ വരവേറ്റത് കുടുംബാംഗങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ

Mail This Article
മേപ്പാടി∙ കുടുംബത്തെ കരകയറ്റാൻ ഗൾഫിലേക്ക് വിമാനം കയറിയ മുഹമ്മദ് ഷാഫി അപകടം അറിഞ്ഞ് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ വരവേറ്റത് കുടുംബാംഗങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ. ഉപ്പ സലീം, ഉമ്മ സഫിയ, സഹോദരി ജാസ്മിൻ, മാതൃ സഹോദരി സക്കീന, ഭർത്താവ് ബഷീർ അവരുടെ മകൾ ഹിബാ തെസ്നി അടക്കം കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഷാഫിക്ക് നഷ്ടമായി. നിക്കാഹ് കഴിഞ്ഞ് ഒരു മാസം മാത്രമായ ഹിബാ തെസ്നി ഇവരുടെ ദുഃഖം ഇരട്ടിയാക്കുന്നു. ഭാര്യ ഫർസാനയും ഏക മകൾ റിയയും ഫർസാനയുടെ വീട്ടിൽ ആയതിനാൽ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. 3 മാസം മുൻപ് മാതാപിതാക്കളെയും സഹോദരിയെയും അടക്കം ഉംറ നിർവഹിക്കാൻ കൊണ്ടു പോയിരുന്നു. മക്കയിൽ നിന്ന് മടങ്ങുമ്പോൾ ഏറെ സന്തോഷത്തോടെ യാത്ര പറഞ്ഞ് മടങ്ങിയ കുടുംബാംഗങ്ങൾ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ പോലുമാകാതെ തകർന്നിരിക്കുകയാണ് മുഹമ്മദ് ഷാഫി.