മൺമറയിൽ 466 മനുഷ്യർ; 189 മരണം സ്ഥിരീകരിച്ചു; കാണാതായവർ 277

Mail This Article
മുണ്ടക്കൈ (വയനാട്) ∙ ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടപ്പുണ്ടാകാൻ സാധ്യതയില്ലെന്നു സൈന്യത്തിന്റെ വിലയിരുത്തൽ. കൽപറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത അവലോകനയോഗത്തിൽ മേജർ ജനറൽ വി.ടി.മാത്യു ഇക്കാര്യം അറിയിച്ചു. 189 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശരീരഭാഗങ്ങൾ ഉൾപ്പെടെ 279 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. 277 പേരെ കാണാനില്ല. മരിച്ചവരിൽ 76 സ്ത്രീകളും 85 പുരുഷന്മാരും 27 കുട്ടികളും ഉൾപ്പെടുന്നു. ഒരു മൃതദേഹം പുരുഷന്റേതോ സ്ത്രീയുടേതോ എന്നു തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരിൽ 29 പേർ കുട്ടികളാണ്.
ഇന്നലെ വരെ 107 മൃതദേഹങ്ങൾ മാത്രമേ ബന്ധുക്കൾ തിരിച്ചറിഞ്ഞുള്ളൂ. മലപ്പുറം പോത്തുകല്ലിൽനിന്നു ലഭിച്ച 153 മൃതദേഹങ്ങൾ വയനാട്ടിലേക്കു കൊണ്ടുവന്നു. ഇതിൽ 23 സ്ത്രീകളും 32 പുരുഷന്മാരും 2 ആൺകുട്ടികളുമാണുള്ളത്. ശേഷിക്കുന്ന 96 എണ്ണം ശരീരഭാഗങ്ങളാണ്. അവകാശികളില്ലാത്ത മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. പരുക്കുകളോടെ 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ദുരന്തമേഖലയിൽ 9 ദുരിതാശ്വാസ ക്യാംപുകളിലായി 2328 പേരുണ്ട്. ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ കൂടുതൽ മണ്ണുമാന്തിയന്ത്രങ്ങളും രക്ഷാപ്രവർത്തന ഉപകരണങ്ങളും മുണ്ടക്കൈയിലേക്കെത്തിച്ചിട്ടുണ്ട്. ഇന്നും തിരച്ചിൽ ഊർജിതമായി തുടരും. മുഖ്യമന്ത്രി പിണറായി വിജയനും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നലെ ദുരന്തഭൂമിയിലും ദുരിതാശ്വാസ ക്യാംപുകളിലും സന്ദർശനം നടത്തി.
തുടർപ്രവർത്തനങ്ങൾക്ക് മന്ത്രിസഭാ ഉപസമിതി; കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി
കൽപറ്റ ∙ തുടർന്നുള്ള രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങൾക്കും നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, ഒ.ആർ.കേളു എന്നിവർ അടങ്ങിയതാണ് ഉപസമിതി. ശ്രീറാം സാംബശിവ റാവു, ഡോ.എ.കൗശിഗൻ എന്നിവർ സ്‌പെഷൽ ഓഫിസർമാരായി പ്രവർത്തിക്കും. കടുത്ത മാനസികാഘാതമേറ്റവർക്കു കൗൺസലിങ് നൽകും. ദുരന്ത മേഖലയിൽ അകപ്പെട്ട വിദ്യാർഥികളുടെ പഠനത്തിനു തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.