ചാലിയാർ പുഴയിൽനിന്നു ലഭിച്ച 143 മൃതദേഹങ്ങൾ വയനാട്ടിലേക്കു കൊണ്ടുവന്നു

Mail This Article
മേപ്പാടി ∙ മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 143 മൃതദേഹങ്ങൾ വയനാട്ടിലേക്കു കൊണ്ടുവന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്കു തിരിച്ചറിയാനുള്ള സൗകര്യത്തിനായി വയനാട്ടിൽ എത്തിക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടായത്. മലപ്പുറം ജില്ലയിൽ നിന്ന് ഇതുവരെ 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളുമാണു ലഭിച്ചത്. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ലഭിച്ചു. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും കണ്ടെത്തി.
വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി ചാലിയാർ പുഴയുടെ എടവണ്ണ കടവുകളിലും ഇന്നലെ തിരച്ചിൽ നടത്തി. ഉരുൾപൊട്ടൽ നടന്ന മുണ്ടക്കൈ, ചൂരൽമല എന്നിവയോട് ഏറ്റവും അടുത്തുള്ള മലപ്പുറത്തെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ കടവുകളിൽ നിന്നാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നീട് കിലോമീറ്ററുകൾ താഴെ വാഴക്കാട് നിന്ന് അടക്കം മൃതദേഹങ്ങൾ ലഭിച്ചു. ചാലിയാറിൽ നിന്നു ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്.