ഉരുൾപൊട്ടൽ: ദ്രോഹിക്കുന്നതാകരുത് പുനരധിവാസം; അനുവദിക്കുന്ന തുക അപര്യാപ്തം
Mail This Article
കുറിച്യർമല ∙ ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾക്കു സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറിത്താമസിക്കാനാഗ്രഹിക്കുന്നവർക്കു നൂലാമാലയായി നടപടിക്രമങ്ങളും നിയമക്കുരുക്കുകളും. പുനരധിവാസ പദ്ധതിയിൽ അനുവദിക്കുന്ന തുക മറ്റൊരിടത്ത് സ്ഥലം വാങ്ങാനും വീട് നിർമിക്കാനും പര്യാപ്തമല്ലെന്നാണ് ആരോപണം. 2018ൽ പൊഴുതന കുറിച്യർമലയിൽ ഉരുൾപൊട്ടിയതിന് ശേഷം നടത്തിയ പഠനത്തിൽ സ്ഥലം വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ഇവിടെ നിന്നും ആളുകളോട് മാറിത്താമസിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ, 10 ലക്ഷമാണ് പുനരധിവാസ പാക്കേജിൽ പ്രഖ്യാപിച്ചത്. 10 ഏക്കർ സ്ഥലവും രണ്ട് നില വീടും ഉള്ളയാൾക്കും പത്ത് സെന്റ് സ്ഥലം ഉള്ളയാൾക്കും 10 ലക്ഷം എന്ന ഒരേ തുകയാണ് ലഭിക്കുന്നത്. കൂടുതൽ കൃഷിയുള്ളവർക്കും ഇതേ തുകയാണ് ലഭിക്കുക. 10 ലക്ഷം വാങ്ങി മലയിറങ്ങി മറ്റൊരിടത്തേക്ക് മാറാം എന്ന് കരുതിയാൽ ഉപേക്ഷിച്ചു പോരുന്ന സ്ഥലത്തിന് പഴയ ഉടമയ്ക്ക് പിന്നീട് അവകാശമുണ്ടാകില്ല. ആ ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാകും. പുതിയതായി വാങ്ങുന്ന സ്ഥലത്തിനുമേലും അവകാശം ഉണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ കെണി.
പത്ത് ഏക്കർ സ്ഥലം വിട്ട് പത്ത് സെന്റിലേക്ക് മാറുന്ന ഒരാൾക്ക് ഈ പത്ത് സെന്റിൽ വീട് വച്ച് കിടക്കാമെന്നല്ലാതെ യാതൊരു അവകാശവുമില്ല. ഈ സ്ഥലം മറിച്ചുവിൽക്കാനോ വായ്പ എടുക്കാനോ സാധിക്കില്ല. മേൽമുറി സ്വദേശിയായ റഹ്മാൻ പൊഴുതനയിൽ 10 സെന്റ് സ്ഥലം വാങ്ങി. ആധാരത്തിൽ ഈ സ്ഥലം പണയപ്പെടുത്താനോ വിൽക്കാനോ സാധിക്കില്ലെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ കണക്കനുസരിച്ച് 6 ലക്ഷം സ്ഥലം വാങ്ങുന്നതിനും 4 ലക്ഷം വീട് വയ്ക്കുന്നതിനുമാണ്.
എന്നാൽ 10 സെന്റ് സ്ഥലം വാങ്ങണമെങ്കിൽ 8 ലക്ഷമെങ്കിലും വേണം. വിവിധ സ്ഥലങ്ങൾ അനുസരിച്ച് വില വർധിക്കുകയും ചെയ്യും. വീട് നിർമിക്കാൻ വേറെ പണം കണ്ടെത്തണം. സ്ഥലം പണയപ്പെടുത്തി വായ്പ എടുക്കാനാകാത്തതിനാൽ മറ്റ് മാർഗങ്ങൾ തേടണം. കൈവായ്പ വാങ്ങിയാണ് കേറിക്കിടക്കാൻ റഹ്മാൻ ഒരു വീട് വച്ചത്. വീടുവിട്ടു പോകാൻ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ടിവിടെ. ഇവരിൽ പലരും മഴക്കാലത്ത് സുരക്ഷിതമായി ഇരിക്കാൻ വാടക ക്വാട്ടേഴ്സിലേക്ക് താമസം മാറുകയാണ്.
ജീവിതം ഉപേക്ഷിച്ച് പോയവരും ഏറെ
മേൽമുറിയിൽനിന്ന് എഴുപതോളം വീട്ടുകാർ സ്വന്തം നിലയ്ക്ക് വീടുപേക്ഷിച്ച് പോയി. 10 ലക്ഷം രൂപ കൊണ്ട് വീടും സ്ഥലവും വാങ്ങാനാകില്ലെന്നതിനാൽ ഇവരിൽ പലരും വാടകയ്ക്കാണ് താമസിക്കുന്നത്. പുനരധിവാസ പദ്ധതി പ്രകാരം ഭൂമി നൽകി മാറാതിരുന്നാൽ നിലവിലുള്ള ഭൂമിയെങ്കിലും ഉരുൾപൊട്ടുന്നത് വരെ കൈയ്യിലുണ്ടാകുമല്ലോ എന്നാണ് ഇവരുടെ പക്ഷം. വയനാട്ടിൽ മേൽമുറി പോലെ ഒട്ടെറെ സ്ഥലങ്ങൾ ദുരന്തസാധ്യതയുള്ളതായുണ്ട്. അടിക്കടി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നതിനാൽ ആളുകൾക്ക് താമസം മാറിപ്പോകണമെന്നുണ്ടെങ്കിലും വേറെ വഴികളില്ല പലർക്കും. പ്രദേശങ്ങളിൽ താമസിക്കുന്ന ഭൂരഭാഗവും സാധാരണക്കാരും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്.