ADVERTISEMENT

മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല മേഖലയിലെ ജനകീയ തിരച്ചിലിനിടെ ദുരന്തഭൂമിയിൽ വിതുമ്പിക്കര‍ഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉരുൾപൊട്ടലിൽ കാണാതായ പിതാവിനെ തിരഞ്ഞിറങ്ങിയ മുഹമ്മദ് ഇസ്ഹാഖിനെ കണ്ടപ്പോഴാണു മന്ത്രി വികാരാധീനനായത്. ഇസ്ഹാഖിനെ ചേർത്തുപിടിച്ച അദ്ദേഹം വിതുമ്പിക്കൊണ്ടു പലപ്പോഴും കണ്ണു തുടച്ചു. മുണ്ടക്കൈ മുസ്‌ലിം പള്ളിക്ക് എതിർവശത്തു വീടുണ്ടായിരുന്ന പടിക്ക‌പ്പറമ്പിൽ നാസറിന്റെ മകനാണ് ഇസ്ഹാഖ്. ദുരന്തത്തിൽ ഈ പതിനേഴുകാരനു പിതാവിനെയും സഹോദരനെയും ഉമ്മയുടെ ഉപ്പയേയും ഉപ്പയുടെ ഉപ്പയേയുമെല്ലാം നഷ്ടമായി. 

വീടിരുന്നിടത്തു കരിങ്കൽക്കൂന മാത്രമാണു ബാക്കി. പരുക്കേറ്റ ഉമ്മയ്ക്കൊപ്പം നരിക്കുനിയിലെ ബന്ധുവീട്ടിലായിരുന്ന ഇസ്ഹാഖ് വീടിരുന്നിടത്ത് ഒന്നുകൂടി തിരച്ചിൽ നടത്താനാണ് ഇന്നലെയെത്തിയത്.  കരഞ്ഞുകൊണ്ടു തിരയുന്നതിനിടെയാണു മന്ത്രി വന്നത്. ഇസ്ഹാഖിനോടു കാര്യങ്ങൾ തിരക്കിയപ്പോൾ എല്ലാം പോയെന്ന മറുപടി കേട്ടതോടെ മന്ത്രി വികാരാധീനനാവുകയായിരുന്നു. 

‘ഇങ്ങനെയൊരു കാഴ്ചയ്ക്കു സാക്ഷിയാകേണ്ടി വരുമെന്നു ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവരോട് എന്ത് ഉത്തരം പറയും? നമുക്ക് ഇത്രയും പ്രയാസമുണ്ടെങ്കിൽ അവർക്ക് എത്ര സങ്കടമുണ്ടാകും? എല്ലാവരും അവർക്കു വേണ്ടി പ്രാർഥിക്കണം. അവരെ നമുക്കു രക്ഷപ്പെടുത്തണം. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെയൊക്കെ ജീവിതത്തിൽ എന്തു ദുരിതമാണുണ്ടാകാനിരിക്കുന്നതെന്ന് ആർക്കു പറയാൻ കഴിയും? – സ്വരമിടറിക്കൊണ്ടു മന്ത്രി പറഞ്ഞു. ദുരിതബാധിതർക്കു സാധാരണ ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാൻ ആത്മാർഥതയോടെ സർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നതായും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com