നടവയൽ റോഡിന്റെ വശം ഇടിഞ്ഞുതാഴ്ന്നു; ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം വഴിമുട്ടി
Mail This Article
നടവയൽ∙ ചീരവയൽ – നടവയൽ റോഡിന്റെ ഒരു വശം ഇടിഞ്ഞുതാഴ്ന്നു. പനമരം - വേലിയമ്പം പ്രധാന റോഡിൽ നിന്നു നടവയൽ സിഎം കോളജിലേക്ക് അടക്കം പോകുന്ന റോഡിന്റെ ഒരു വശമാണ് സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കുമാണ് റോഡ് ഇടിഞ്ഞു നശിക്കാൻ കാരണം.വർഷങ്ങളായി കാൽനടയാത്രയ്ക്കു പോലും പറ്റാത്ത വിധം തകർന്നു കിടക്കുന്ന റോഡ് ഇടിഞ്ഞുതാഴുകയും ചെയ്തതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം വഴിമുട്ടി.
റോഡ് തകർന്നതോടെ പ്രധാന റോഡിൽ ബസിറങ്ങി കോളജിലേക്ക് ഒരു കിലോമീറ്ററോളം ദൂരം നടക്കേണ്ട അവസ്ഥയാണ് വിദ്യാർഥികൾക്ക്.വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും പണി ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും റോഡ് നന്നാക്കുന്നതിനു നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വെള്ളം കുത്തിയൊഴുകി റോഡ് തകർന്നതിനു പുറമേ റോഡിൽ അവശേഷിച്ചിരുന്ന കല്ലുകൾ പൂർണമായും ഒലിച്ചുപോയ അവസ്ഥയാണ്.മീറ്ററുകളോളം ദൂരത്തിൽ റോഡ് പൂർണമായും തകർന്ന് കല്ലുകൾ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. വീതി കുറഞ്ഞ ഈ റോഡിൽ ഓടകൾ ഇല്ലാത്തതും ഉള്ളത് മണ്ണ് മൂടി നശിച്ചതുമാണ് റോഡ് ഇങ്ങനെ തകരാൻ കാരണം.