ദുരിതാശ്വാസം: ഗോഡൗണുകൾ നിറഞ്ഞു, സ്റ്റോക്ക് ചെയ്തിരിക്കുന്നത് 6 മാസത്തേക്കുള്ള അരി
Mail This Article
ബത്തേരി∙ ഉരുൾപൊട്ടൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിനകത്തും പുറത്തും നിന്നുമായി അവശ്യ വസ്തുക്കളും ഭക്ഷ്യവിഭവങ്ങളുമടക്കമുള്ള സാധന സാമഗ്രികളുടെ ഒഴുക്ക് തുടരുന്നു. കൽപറ്റ സെന്റ് ജോസഫ് സ്കൂൾ കെട്ടിടവും മൈതാനവും സാധന സാമഗ്രികൾ കൊണ്ട് നിറയുകയും സ്കൂൾ ഒഴിഞ്ഞു നൽകേണ്ട അവസ്ഥ വരികയും ചെയ്തതോടെ കൊളഗപ്പാറ സപ്ലൈകോ ഗോഡൗണിനോടു ചേർന്നാണ് ഇപ്പോൾ സംഭരണം. സെന്റ് ജോസഫിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കൊളഗപ്പാറയിലേക്ക് മാറ്റി.
കൊളഗപ്പാറ ഗോഡൗണിൽ ബത്തേരി താലൂക്ക് പരിധിയിൽ നിന്നുള്ള 120 റവന്യു ജീവനക്കാരാണ് ദിവസവും തരംതിരിക്കലിന് നേതൃത്വം നൽകുന്നത്.75 വൊളന്റിയർമാരും സഹായത്തിനുണ്ട്. കൽപറ്റയിൽ 50 ഉദ്യോഗസ്ഥരും 250 വൊളന്റിയർമാരുമാണ് പ്രവർത്തിച്ചിരുന്നത്. 100 പേരെ ഉപയോഗിച്ച് ഇന്ന് സ്കൂൾ ശുചീകരണം പൂർത്തിയാക്കി അധ്യയനത്തിന് വിട്ടു നൽകും.
ഇനി കൊളഗപ്പാറയിലാകും പ്രധാന സംഭരണ കേന്ദ്രം. ജീവനക്കാർ കൂട്ടത്തോടെ സംഭരണ കേന്ദ്ര ഡ്യൂട്ടിക്ക് പോകുന്നതിനാൽ ഓഫിസ് ജോലികൾ പൂർണ തോതിൽ നടത്താൻ കഴിയാതെ വരുന്ന സാഹചര്യവുമുണ്ട്.ഇതുവരെ 10,000 കിറ്റുകളാണ് വിതരണത്തിന് തയാറാക്കിയത്. അവയിൽ മിക്കതും തന്നെ കൈമാറിക്കഴിഞ്ഞു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയ്ക്കു പുറമേ ജില്ലയിൽ മറ്റു വെള്ളപ്പൊക്ക ദുരിതത്തിൽ പെട്ടവർക്കും കിറ്റുകൾ നൽകുന്നുണ്ട് ഭക്ഷ്യ കിറ്റ്, വസ്ത്ര കിറ്റ്, സാനിറ്ററി കിറ്റ് എന്നിവയാണ് ഓരോരുത്തർക്കും നൽകുന്നത്.
മേപ്പാടി പഞ്ചായത്തിന് മാത്രം 4000 കിറ്റുകളാണ് നൽകുന്നത്.
ബിസ്കറ്റ്, ബ്രഡ്, മിനറൽ വാട്ടർ എന്നിവ ഗോഡൗണുകളിൽ കുന്നു കൂടിയിരിക്കുകയാണ്. ഉപയോഗ കാലാവധി കുറവുള്ള ബിസ്കറ്റ്, ബ്രഡ് തുടങ്ങിയവ ഐസിഡിഎസ് വഴി അങ്കണവാടികളിലേക്ക് വിതരണം ചെയ്തു വരുന്നു. ഡപ്യൂട്ടി കലക്റുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിലാണ് റവന്യു ജീവനക്കാർ രാപകലില്ലാതെ ഗോഡൗണുകളിൽ ജോലി ചെയ്യുന്നത്. ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് ജോലികളിലേക്കും ഇനി ഇവർക്ക് നീങ്ങേണ്ടതുണ്ട്.
വീട്ടുപകരണങ്ങൾക്ക് പുതിയ ഗോഡൗൺ
ബത്തേരി∙ ദുരന്തത്തിൽ പെട്ട് പുതിയ വാടക വീടുകളിലേക്ക് മാറുന്നവർക്ക് നൽകുന്നതിനുള്ള ഫർണിച്ചറും വീട്ടുപകരണങ്ങളും സൂക്ഷിക്കുന്നതിന് കൽപറ്റ കൈനാട്ടിയിലെ വിജയ ഗോഡൗൺ പ്രവർത്തനമാരംഭിക്കും. കസേര, മേശ, കട്ടിൽ, അലമാര, മറ്റു വീട്ടുപകരണങ്ങൾ എന്നിവ നൽകുന്നവർക്ക് അവ ഈ ഗോഡൗണിലെത്തിക്കാം. ഇവിടെ നിന്ന് ഓരോ വീട്ടിലേക്കുമാവശ്യമുള്ള വീട്ടുപകരണങ്ങളും ഫർണിച്ചറും എത്തിച്ചു നൽകും.
സൂക്ഷിച്ചിരിക്കുന്നത് 60,000 കിലോ അരി
കൽപറ്റ എസ്കെഎംജെ ജൂബിലി ഹാളിൽ സൂക്ഷിച്ചിരിക്കുന്നത് 60000 കിലോ അരിയാണ്. ഇത് ദുരന്തബാധിതർക്ക് 6 മാസത്തേക്ക് ഉപയോഗിക്കാനുള്ളതുണ്ടെന്നാണ് കണക്കു കൂട്ടൽ. അരിയും പയറു വർഗങ്ങളും കൂടുതൽ എത്തുന്ന മുറയ്ക്ക് ഇവിടേക്ക് മാറ്റിയേക്കും.