കുട്ടികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു ; ശാലിനി ടീച്ചറും അശ്വതി ടീച്ചറും ഇന്ന് തിരികെ മുണ്ടക്കൈ സ്കൂളിലേക്ക്
Mail This Article
കൽപറ്റ ∙ ഉരുളെടുത്ത മുണ്ടക്കൈ സ്കൂളിലേക്ക് ശാലിനി ടീച്ചറും അശ്വതി ടീച്ചറും ഇന്നു തിരികെയെത്തും. ഇവിടെനിന്നു നേരത്തെ മീനങ്ങാടി സ്കൂളിലേക്കും മേപ്പാടി സ്കൂളിലേക്കും സ്ഥലംമാറിപ്പോയ രണ്ട് അധ്യാപകരെയും കുട്ടികളുടെ ആവശ്യത്തെ തുടർന്നാണു വീണ്ടും മുണ്ടക്കൈ ജിഎൽപിഎസിലേക്കു മാറ്റി നിയമിച്ചത്. 2022 മുതൽ മുണ്ടക്കൈ സ്കൂളിലെ അധ്യാപകരാണു കെ.അശ്വതിയും ശാലിനി തങ്കച്ചനും. കുറഞ്ഞ സമയത്തിനുള്ളിൽ മുണ്ടക്കൈ സ്കൂളിലെ കുഞ്ഞുങ്ങളുടെ പ്രിയ അധ്യാപകരായി ഇരുവരും മാറി. സ്കൂൾ വിദ്യാർഥികളുടെ അതേ യൂണിഫോമിൽ സ്കൂളിലെത്തി ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടുന്ന ശാലിനിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മാസങ്ങൾക്കു മുൻപാണു അശ്വതിയെ മേപ്പാടി ഗവ. എൽപി സ്കൂളിലേക്കും ശാലിനിയെ മീനങ്ങാടി ഗവ. എൽപി സ്കൂളിലേക്കും മാറ്റിയത്. ഉരുൾപൊട്ടലുണ്ടായി സ്കൂൾ ഇല്ലാതായപ്പോൾ കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രണ്ടു പ്രിയ അധ്യാപകരെയും തിരികെ എത്തിക്കണമെന്നത്. മേപ്പാടി സ്കൂളിൽ നടന്ന പുനഃപ്രവേശനോത്സവ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അശ്വതിയെയും ശാലിനിയെയും കുട്ടികളുടെ ആഗ്രഹപ്രകാരം മുണ്ടക്കൈയിലേക്കു തിരികെ എത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞദിവസം ഉത്തരവുമിറങ്ങി. ഇന്ന് അധ്യാപകദിനത്തിൽ മേപ്പാടി എപിജെ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന മുണ്ടക്കൈ സ്കൂളിലേക്ക് രണ്ടു ടീച്ചർമാരും തിരികെയെത്തും.