ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ സ്ഥിരപുനരധിവാസത്തിനായി 2 സ്ഥലങ്ങൾ അന്തിമ പട്ടികയിൽ
Mail This Article
കൽപറ്റ ∙ സ്ഥലം കണ്ടെത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലായതോടെ സ്ഥിര പുനരധിവാസം വേഗത്തിൽ സാധ്യമാകുമെന്ന പ്രതീക്ഷയിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ. കൽപറ്റ ബൈപാസിനോടു ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എച്ച്എംഎൽ എസ്റ്റേറ്റ് എന്നിവിടങ്ങളാണ് സർക്കാരിന്റെ അന്തിമഘട്ടത്തിലുള്ളത്. ഇതിൽ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാനാണു കൂടുതൽ സാധ്യത. കൽപറ്റ ബൈപാസിനോടു ചേർന്ന് 175 ഏക്കറിലാണു എൽസ്റ്റൺ എസ്റ്റേറ്റ്.
നിലവിൽ എസ്റ്റേറ്റ് അടഞ്ഞുകിടക്കുകയാണ്. ഇൗ ഭൂമി നേരത്തേ വയനാട് മെഡിക്കൽ കോളജ്, എയർ സ്ട്രിപ് തുടങ്ങിയ പദ്ധതികൾക്കായി പരിഗണിച്ചിരുന്നു. ഭൂമിയുടെ വില സംബന്ധിച്ച് തോട്ടം ഉടമകളുമായി ധാരണയിലെത്താത്തതിനാൽ മെഡിക്കൽ കോളജ് പദ്ധതി നടപ്പിലായില്ല. ഇൗ സ്ഥലത്ത് എയർസ്ട്രിപ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2023 മാർച്ചിൽ കിഫ്ബി സംഘവും അതേവർഷം ജൂലൈയിൽ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തു പരിശോധന നടത്തിയിരുന്നു. എന്നാൽ, തുടർനടപടികൾ മുടങ്ങി. ജില്ലയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് താരതമ്യേന സുരക്ഷിതവും നഗരത്തിനോടു ചേർന്നു കിടക്കുന്ന സ്ഥലവുമായതിനാൽ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണു വിലയിരുത്തൽ. അതേസമയം, റാട്ടക്കൊല്ലി, മണിക്കുന്ന് മലനിരകളോടു ചേർന്ന് കിടക്കുന്നതിനാൽ സ്ഥലം സുരക്ഷിതമല്ലെന്ന ആശങ്കയും ദുരന്തബാധിതരിൽ ചിലർ പങ്കുവയ്ക്കുന്നു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എച്ച്എംഎൽ എസ്റ്റേറ്റിലെ ഭൂമിയും പുനരധിവാസത്തിന് അനുയോജ്യമായ ഭൂമിയാണ്. മേപ്പാടി ടൗണിൽ നിന്നു 6 കിലോമീറ്റർ മാറിയാണു നെടുമ്പാല. ഇൗ ഭൂമിയും താരതമ്യേന സുരക്ഷിതമാണ്.
പുനരധിവാസം കാത്ത് 728 കുടുംബങ്ങൾ
ദുരന്തബാധിതരായ 728 കുടുംബങ്ങളിലെ 2569 പേരെയാണു താൽക്കാലികമായി പുനരധിവസിപ്പിച്ചിട്ടുള്ളത്.
മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, മുട്ടിൽ, അമ്പലവയൽ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മീനങ്ങാടി പഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലുമായാണു ഭൂരിഭാഗം പേരും താമസിക്കുന്നത്.
ഇവിടങ്ങളിലെ വാടക വീടുകൾ, സർക്കാർ ക്വാർട്ടേഴ്സുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലായി 585 കുടുംബങ്ങളാണു താമസിക്കുന്നത്.
കണിയാമ്പറ്റയിൽ 26 കുടുംബങ്ങളും വെങ്ങപ്പള്ളിയിൽ 10, കൽപറ്റയിൽ 113, മുട്ടിലിൽ 43, മീനങ്ങാടിയിൽ 5, അമ്പലവയലിൽ 16, മൂപ്പൈനാട് 92, വൈത്തിരിയിൽ 17, മേപ്പാടിയിൽ 263 കുടുംബങ്ങളുമാണ് താമസിക്കുന്നത്. ശേഷിക്കുന്ന കുടുംബങ്ങൾ മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ വാടക വീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നു.
ദുരന്തബാധിതരെ ഒരുമിച്ച് പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇവർക്കായി ടൗൺഷിപ് ഉൾപ്പെടെയാണ് വിഭാവനം ചെയ്യുന്നത്.
ഒരേ മാതൃകയിൽ ഒറ്റനിലവീട് നിർമിച്ച് നൽകാനാണ് തീരുമാനം. 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിർമിക്കുക.
ആദ്യം പരിഗണിച്ചത് 22 സ്ഥലങ്ങൾ
പരിശോധനയ്ക്കു ശേഷം പിന്നീട് ഇൗ പട്ടിക 18 ആയി ചുരുക്കി. ഇൗ പട്ടിക സർക്കാർ നിശ്ചയിച്ച ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘത്തിന് കൈമാറി. സംഘത്തിന്റെ പരിശോധനയ്ക്കു ശേഷം ഇതിൽ നിന്നു 5 സ്ഥലങ്ങൾ കണ്ടെത്തി സർക്കാരിനു റിപ്പോർട്ട് നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലങ്ങൾ പരിശോധിച്ചിരുന്നു. ഇവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണു ഡോ.ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം നിർദേശിച്ച 5 സ്ഥലങ്ങളിൽ നിന്നു 2 എണ്ണം സർക്കാർ തിരഞ്ഞെടുത്തത്. സർവകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയവും നടത്തിയിരുന്നു.