ദുരന്ത ബാധിതർക്കുള്ള സഹായ വിതരണത്തെച്ചൊല്ലി പോര്
Mail This Article
മേപ്പാടി ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ധനസഹായ വിതരണത്തെ ചൊല്ലി വിവാദം. ധനസഹായ വിതരണം പഞ്ചായത്ത് അധികൃതർ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ ഇന്നലെ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വിഷയം സർക്കാരിന്റെ അധികാര പരിധിയിലുള്ളതാണെന്നും സിപിഎം സമരം രാഷ്ട്രീയ നാടകമാണെന്നും ആരോപിച്ചു യുഡിഎഫും രംഗത്തെത്തി.ദുരന്തം ബാധിച്ച 3 വാർഡുകളിൽ ശേഷിക്കുന്ന 285 കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഇന്നലെ വൈകിട്ടോടെ കലക്ടറേറ്റിലെത്തി കലക്ടർ ഡി.ആർ.മേഘശ്രീയെ നേരിൽക്കണ്ടു. നിലവിൽ അപേക്ഷകരായ എല്ലാവർക്കും 30നു മുൻപ് ധനസഹായം വിതരണം ചെയ്യുമെന്ന കലക്ടർ ഉറപ്പ് നൽകിയതായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.ധനസഹായ വിതരണം പഞ്ചായത്ത് അധികൃതർ വൈകിപ്പിക്കുകയാണെന്നും അർഹരായ മുഴുവൻ ദുരന്തബാധിതർക്കും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാവിലെ 11.30 ഓടെയാണ് സിപിഎം പ്രവർത്തകർ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
സമരം വൈകിട്ട് 4 വരെ നീണ്ടു. സിപിഎം മേപ്പാടി നോർത്ത് ലോക്കൽ സെക്രട്ടറി കെ.കെ.സഹദ്, ചൂരൽമല ലോക്കൽ സെക്രട്ടറി എം.ബൈജു, കെ.അബ്ദുറഹ്മാൻ, സി.ഷംസുദ്ദീൻ, ജോബിഷ് കുര്യൻ, രതീഷ്, ജിതിൻ, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ദുരന്ത ബാധിതരുടെ യഥാർഥ കണക്ക് പോലും പഞ്ചായത്തിന്റെ കൈവശമില്ലെന്ന് പ്രവർത്തകർ ആരോപിച്ചു.108 പേരെ പഞ്ചായത്ത് ദുരിതാശ്വാസ പട്ടികയിൽ നിന്നൊഴിവാക്കി. ഉരുൾപൊട്ടലിനെ തുടർന്ന് കൊയ്നകുളം, നീലിക്കാപ്പ് എന്നിവിടങ്ങളിലുള്ളവരെയും ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ, ക്യാംപുകളിലുള്ളവരെ കുറിച്ച് കൃത്യമായ കണക്കുകൾ പഞ്ചായത്ത് ശേഖരിച്ചില്ലെന്നും ഇതോടെ അർഹരായ ഒട്ടേറെപ്പേർ ലിസ്റ്റിൽ നിന്നു തഴയപ്പെട്ടതായും സിപിഎം ആരോപിച്ചു.ഇവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ആനുകൂല്യവും നിഷേധിച്ചു. റവന്യു വിഭാഗത്തിന്റെ കണക്കുപ്രകാരം ക്യാംപുകളിൽ മാറ്റിപ്പാർപ്പിച്ചവരുടെ എണ്ണം 1013 ആണ്. എന്നാൽ, പഞ്ചായത്തിന്റെ കണക്കു പ്രകാരം 921 ആണ്.ഈ അപാകത തിരുത്താൻ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് തയാറായില്ലെന്നും ഇതോടെയാണ് സമരവുമായി രംഗത്തെത്തിയതെന്നും പ്രവർത്തകർ പറഞ്ഞു.ഉച്ചയ്ക്ക് ഒന്നരയോടെ ഡപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യു സംഘമെത്തി ചർച്ച നടത്തി. വിട്ടുപോയവരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താനും അവർക്ക് ആനുകൂല്യം നൽകാനും തീരുമാനമായതായും സമരം അവസാനിപ്പിക്കുന്നതായും നേതാക്കൾ അറിയിച്ചു.