മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ: വിദഗ്ധസമിതി ഇന്ന് അന്തിമ റിപ്പോർട്ട് നൽകും
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തെക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഇന്ന് അന്തിമ റിപ്പോർട്ട് നൽകും. ദുരന്തമേഖലയിലെ സുരക്ഷിത സ്ഥാനങ്ങളും സുരക്ഷിതമല്ലാത്ത ഇടങ്ങളും ഏതെന്നു തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണായകമാകും. ദുരന്തഭൂമിയിൽ പുഴയോട് ചേർന്ന് 30 മുതൽ 300 മീറ്റർ വരെയുള്ള തീരം സുരക്ഷിതമല്ലെന്നാണ് ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.
ഉരുൾപൊട്ടൽ നാശംവിതച്ച പുഴയുടെ ഇരുകരകളിലും 100 മീറ്റർ ഇടവിട്ട് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗൺ, ചൂരൽമല എന്നിവിടങ്ങളിൽ 200 മീറ്റർ വരെ ദൂരത്തിൽ പലയിടങ്ങളും മനുഷ്യവാസയോഗ്യമല്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സ്ഥിര പുനരധിവാസത്തിനും ടൗൺഷിപ് പദ്ധതിക്കും വേണ്ട ഭൂമികളെക്കുറിച്ചും രൂപരേഖയുണ്ടാക്കിയിട്ടുണ്ട്.
സർക്കാർ പരിഗണിച്ച 24 ഭൂമികളിൽ 5 എണ്ണമാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം തിരഞ്ഞെടുത്തത്. ഇതിനു പുറമെ മറ്റു ഭൂമികൾ കൂടി ഉപദേശകസമിതി നിർദേശിച്ചു. ഈ ശുപാർശകളെല്ലാം പരിഗണിച്ച് കൽപറ്റയിലെ എൽസ്റ്റൺ, മേപ്പാടി നെടുമ്പാലയിലെ എച്ച്എംഎൽ ഭൂമികളെ അന്തിമപട്ടികയിൽപെടുത്തിയിട്ടുണ്ട്.
സിഡബ്ല്യുആർഡിഎം പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ. ദൃശ്യ, സൂറത്കൽ എൻഐടി അസോഷ്യേറ്റ് പ്രഫസർ ഡോ. ശ്രീവൽസൻ കൊളത്തയാർ, ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ താരാ മനോഹരൻ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരും ജോൺ മത്തായിയുടെ സംഘത്തിലുണ്ടായിരുന്നു.
പുന്നപ്പുഴയുടെ റിപ്പോർട്ട് 15ന്
പുന്നപ്പുഴയുടെ ഗതി നേരെയാക്കുന്നതിനെക്കുറിച്ചും ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ പുനർനിർമാണത്തിനുപയോഗിക്കാനായി നീക്കം ചെയ്യുന്നതിനെക്കുറിച്ചും ശുപാർശ സമർപ്പിക്കാനായി നിയോഗിച്ച വിദഗ്ധ സംഘം ഒക്ടോബർ 15ന് റിപ്പോർട്ട് നൽകും. നേരത്തേ 29ന് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശമെങ്കിലും കൂടുതൽ വിശദമായ പഠനം നടത്തണമെന്ന സമിതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
ചുരുങ്ങിയത് 60 ലക്ഷം മീറ്റർ ക്യൂബ് അവശിഷ്ടങ്ങൾ ഉരുൾപൊട്ടലിൽ അടിഞ്ഞുകൂടിയെന്നാണു പ്രാഥമിക നിഗമനം. ഇതു കൃത്യമായി കണക്കുകൂട്ടിയാലേ സമഗ്രറിപ്പോർട്ട് നൽകാനാകൂ. ഉരുൾപൊട്ടലിൽ ഗതിമാറിയൊഴുകുകയും കൂറ്റൻ പാറക്കല്ലും വന്മരങ്ങളും അടിഞ്ഞുകൂടുകയും ചെയ്ത പുന്നപ്പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള ശുപാർശകൾ റിപ്പോർട്ടിന്റെ ഭാഗമാക്കും.
ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ പാറക്കല്ലുകളും മരങ്ങളും എങ്ങനെ പുനരുപയോഗിക്കാം, പുഴയൊഴുകും വഴിയിലെ മാർഗതടസ്സങ്ങൾ എങ്ങനെ ഇല്ലാതാക്കാം എന്നിവയുൾപ്പെടെ പരിശോധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോർട്ട് നൽകാനാണു നിർദേശം.