കുറുവാ ദ്വീപിൽ ചങ്ങാടയാത്ര തുടങ്ങി
Mail This Article
പാൽവെളിച്ചം ∙ കുറുവാ ദ്വീപ് ഡിഎംസി കേന്ദ്രത്തിൽ പുതിയതായി നിർമിച്ച ബാംബൂ റാഫ്റ്റുകളുടെ ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. 10 പേർക്ക് കയറാവുന്ന 5 റാഫ്റ്റുകളാണ് പുതിയതായി നിർമിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ വയനാട് പാക്കേജിലെ അതിഥികളായി എത്തിയ യാത്രാ സംഘം ആദ്യ സവാരി നടത്തി.
കുറുവ ദ്വീപിന്റെ വന്യ സൗന്ദര്യം ആസ്വദിച്ച് കബനി നദിയിലൂടെ 20 മിനിറ്റ് എടുത്തുള്ള ചങ്ങാട സവാരി ഏറെ ആകർഷകമാണ്. 20 മിനിറ്റ് ദൈർഘ്യമുള്ള സവാരിക്ക് 2 പേർക്ക് 200 രൂപയും 5 പേർക്ക് 400 രൂപയുമാണ് ചാർജ്. കുറുവ ദ്വീപിന് അകത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതിനും കയാക്കിങ് ആരംഭിക്കുന്നതിനുമുള്ള നടപടികൾ ഉടനെ സ്വീകരിക്കും.
ഉദ്ഘാടന ദിവസം 129 സഞ്ചാരികൾ റാഫ്റ്റിങ് നടത്തി. മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ ടിജി ജോൺസൺ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡി.വി.പ്രഭാത്, ഡിടിപിസി മാനേജർ എം.എസ്.ദിനേശൻ എന്നിവർ പ്രസംഗിച്ചു.