വൈദ്യുത ലൈനിലേക്ക് തെങ്ങ് മറിച്ചിട്ട കാട്ടാന ഷോക്കേറ്റു ചരിഞ്ഞു
Mail This Article
ദാസനക്കര ∙കൃഷികൾ നശിപ്പിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു കാട്ടാന കൂടി ചരിഞ്ഞു. ചെതലയം റേഞ്ചിലെ പുൽപള്ളി സെക്‌ഷനിൽ പെട്ട ദാസനക്കര വിക്കലത്താണ് കുന്നമംഗലം സ്വദേശി താമരക്കുളം രാജേഷിന്റെ ഉടമസ്ഥതയിലുളള കൃഷിയിടത്തിൽ കാട്ടാനയെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്.രാജേഷിന്റെ വില്ലയോടു ചേർന്ന കൃഷിയിടത്തിലെ വലിയ തെങ്ങ് മറിച്ചിടുന്നതിനിടെ കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതി ലൈനിലേക്ക് തെങ്ങ് മറിച്ചിട്ടശേഷം വെള്ളച്ചാലുകൾ ഉള്ള കൃഷിയിടത്തിലൂടെ പോയ കാട്ടാന നിലത്തു വീണുകിടക്കുന്ന വൈദ്യുതി കമ്പികൾക്ക് മുകളിലേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതുവശത്തെ കൊമ്പ് പകുതിയോളം മണ്ണിൽ താഴ്ന്ന നിലയിലാണ്.രാവിലെ കൃഷിയിടത്തിൽ എത്തിയവരാണു ചരിഞ്ഞുകിടക്കുന്ന നിലയിൽ 24 വയസ്സോളം പ്രായമുള്ള കൊമ്പനാനയുടെ ജഡം കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ.നിജേഷ്, പ്രബേഷനറി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ടി.പി.നെസ്ന ഫോറസ്റ്റ് ഓഫിസർമാരായ കെ.മുകുന്ദൻ, മോഹൻ കുമാർ എ.മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഉച്ചകഴിഞ്ഞു കൃഷിയിടത്തിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തിയശേഷം ആനയുടെ ജഡം പാതിരി സൗത്ത് സെക്‌ഷൻ വനമേഖലയിൽ എത്തിച്ച് സംസ്കരിച്ചു.സ്ഥിരമായി ഈ ഭാഗത്തെ കൃഷിയിടത്തിൽ എത്തി കൃഷികൾ നശിപ്പിച്ചിരുന്ന ആനകളിൽ ഒന്നാണ് ഇന്നലെ ഷോക്കേറ്റു ചരിഞ്ഞതെന്നു കർഷകർ പറയുന്നു. പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിലെ വിക്കലം, മണൽവയൽ, അമ്മാനി, പരിയാരം, പുഞ്ചവയൽ, നീർവാരം, ദാസനക്കര അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി നാശനഷ്ടം തീർക്കുന്നതു നിത്യസംഭവമാണ്. കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങാതിരിക്കുന്നതിനായി കോടികൾ മുടക്കി നിർമാണത്തിലിരിക്കുന്ന ക്രാഷ് ഗാർഡ് വേലിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷോക്കേറ്റ് ആന ചരിയുന്നത് ഇത് നാലാം തവണ
പനമരം∙ പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിലെ വിക്കലം, പരിയാരം, അമ്മാനി ഭാഗങ്ങളിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് നാലാമത്തെ കാട്ടാനയാണ് ഇന്നലെ ചരിഞ്ഞത്.ഇതിന് മുൻപ് പരിയാരത്തെ ടി.പി. പത്മനാഭന്റെ കൃഷിയിടത്തിൽ വച്ച് 28 വയസ്സുള്ള കൊമ്പൻ അടക്കം 2 കാട്ടാനകൾ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞിരുന്നു. 2017ൽ കൃഷിയിടത്തിലെ പന മരം തള്ളി മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടിയും 2019 ൽ ഇതേ കൃഷിയിടത്തിൽ എത്തിയ കാട്ടാന ദേഹത്ത് മണ്ണു വാരിയിടുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടിയും ചരിഞ്ഞതിനു പുറമേ കഴിഞ്ഞ ഏപ്രിൽ 28 ന് അമ്മാനി പാറവയൽ ജയരാജിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ ഇന്നലത്തേതിന് സമാനമായ രീതിയിൽ വൈദ്യുത ലൈനിലേക്ക് തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ ഷോക്കേറ്റ് 12 വയസ്സുള്ള കാട്ടുകൊമ്പൻ ചരിഞ്ഞിരുന്നു.