കുഴി വെട്ടിച്ചാൽ പിന്നെ പുഴയിൽ; കോളേരി പാലം പുതുക്കിപ്പണിയാൻ നടപടിയില്ല
Mail This Article
കോളേരി ∙ പൂതാടി പഞ്ചായത്തിലെ കോളേരി - ഇരുളം റോഡിൽ നരസി പുഴയ്ക്കു കുറുകെയുള്ള കോളേരി പാലം പുതുക്കിപ്പണിയാൻ നടപടിയില്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിൽ. കൈവരികളും മറ്റും തകർന്ന് അപകടാവസ്ഥയിലായ പാലത്തിനു മുകളിലുള്ള കുഴി വെട്ടിച്ചാൽ ഇരുചക്രവാഹനയാത്രക്കാർ പുഴയിൽ പതിക്കുമെന്നുറപ്പാണ്.കോളേരി, പാപ്പശ്ശേരി, ഇരുളം പ്രധാന റോഡിലെ ഈ പാലം 1978ൽ നാട്ടുകാർ പിരിവെടുത്തു നിർമിച്ചതാണ്. കാലപ്പഴക്കം മൂലം കൈവരികളും സുരക്ഷാഭിത്തികളും തകർന്ന് പാലം അപകടത്തിലായിട്ടും പാലം പുതുക്കിപ്പണിയുകയോ സുരക്ഷയൊരുക്കുകയോ ചെയ്തില്ല.
പാലത്തിന്റെ ഒരു ഭാഗത്തെ സുരക്ഷ ഭിത്തിയുടെ പാതി തകർന്നതോടെ നാട്ടുകാർ ഉണ്ടാക്കിയ മുളവേലിയായിരുന്നു ആശ്രയം. ഈ മുളവേലി നശിച്ചതിനെത്തുടർന്ന് ഇപ്പോൾ റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അങ്ങാടിശ്ശേരി, വളാഞ്ചേരി, നായർകവല, വെള്ളിമല തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിലെ ജനങ്ങൾ കോളേരിയിലേക്കും പൂതാടി പഞ്ചായത്തിലേക്കും ജില്ലാ ആസ്ഥാനത്തും എത്തുന്നത് ഈ പാലം കടന്നാണ്. ബസ് അടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്നത് തകർച്ചയിലായ ഈ പാലത്തിന് മുകളിലൂടെയാണ്.