തദ്ദേശ നിയമങ്ങൾ പരിഷ്കരിക്കും: മന്ത്രി എം.ബി.രാജേഷ്
Mail This Article
ബത്തേരി ∙ ആനുകൂല്യങ്ങളും അവകാശങ്ങളും ആർക്കും നിഷേധിക്കപ്പെടാൻ പാടില്ലെന്നും കാലാനുസൃതമായി തദ്ദേശ ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി ബത്തേരിയിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരിഹരിക്കുകയാണ് ലക്ഷ്യം.
നിയമങ്ങൾ കഠിനമായി വ്യാഖ്യാനിച്ചോ ദുർവ്യാഖ്യാനം നടത്തിയോ അല്ലെങ്കിൽ നിയമങ്ങളിലെ അവ്യക്തത മൂലമോ ആർക്കെങ്കിലും ലഭിക്കേണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കുമ്പോൾ അത് പരിഹരിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ഇത് പൂർണ വിജയമാണ്.ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനായി പ്രത്യേക ശിൽപശാല നടത്തും. പുതിയ പരാതികളിൽ 2 ആഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു. നാനൂറിലധികം പരാതികളാണ് അദാലത്തിൽ ആകെ ലഭിച്ചത്.
∙18000 പരാതികൾക്ക് പരിഹാരം കണ്ടു
സംസ്ഥാനത്തുടനീളം ഇതുവരെ അദാലത്തുകളിലൂടെ 18000 പരാതികൾക്ക് പരിഹാരം കണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.99 ശതമാനം പരാതികളും തീർപ്പാക്കി. വയനാട്ടിലേത് പതിനേഴാമത്തെ അദാലത്താണ്. ലഭിച്ച പരാതികളുടേയും മാർഗനിർദേശങ്ങളുടേയും അടിസ്ഥാനത്തിൽ സർക്കാർ 42 പൊതു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നഗരസഭാധ്യക്ഷൻ ടി.കെ.രമേഷ്, തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവറാവു, എഡിഎം കെ.ദേവകി, ചീഫ് ടൗൺ പ്ലാനർ ഷിജി.ഇ.ചന്ദ്രൻ, ചീഫ് എൻജിനീയർ കെ.ജി. സന്ദീപ്, എച്ച്.ബി.പ്രദീപൻ, ജസ്റ്റിൻ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
∙കൂടുതലുംഅനൂകൂലമായി തീർപ്പാക്കി
ബത്തേരിയിൽ നടന്ന ജില്ലാതല അദാലത്തിലേക്ക് പോർട്ടൽ വഴി മുൻകൂറായി ലഭിച്ചത് 231 പരാതികളാണ്. അതിൽ 183 എണ്ണം തീർപ്പാക്കി. അതിൽ 150 ഉം അനുകൂല തീർപ്പായിരുന്നു. ഇന്നലെ മാത്രം ലഭിച്ച പരാതികൾ വൈകിട്ട് 5 വരെ 189. തീർപ്പാക്കിയത് 58. അനൂകൂലമായി തീർപ്പാക്കിയത് 55.
സുരേഷിന് ലൈസൻസ് നൽകി ആദ്യ പരിഹാരം
വീടിനോടു ചേർന്ന് 3.5 സെന്റ് സ്ഥലത്ത് ഉപജീവനത്തിനായി നടത്താൻ തീരുമാനിച്ച ഹോട്ടലിന് ലൈസൻസ് ലഭിച്ചില്ലെന്ന ബത്തേരി സ്വദേശി സുരേഷിന്റെ പരാതിയിലായിരുന്നു ആദ്യ തീർപ്പ്. ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിയിൽ വച്ചുതന്നെ സുരേഷിന് മന്ത്രി ലൈസൻസ് കൈമാറി. റേഷൻകാർഡും വരുമാന സർട്ടിഫിക്കറ്റും ഇല്ലാത്തതിന്റെ പേരിൽ പെൻഷൻ ലഭിക്കാതിരുന്ന അമ്പലവയൽ സ്വദേശി എഴുപതുകാരൻ മുദ്ദുവിന് പെൻഷൻ ലഭ്യമാക്കാനുള്ള നടപടികൾക്ക് മന്ത്രി നിർദേശം നൽകി.