മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി ആരംഭിച്ചു
Mail This Article
മാനന്തവാടി ∙ ജില്ലയിൽ സർക്കാർ മേഖലയിൽ ആധുനിക ഹൃദ്രോഗ ചികിത്സാ സംവിധാനം ഇല്ലെന്ന പരാതിക്ക് വലിയൊരളവിൽ പരിഹാരമാകുന്നു. ഇന്നലെ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രി കാത്‌ലാബിൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ.വി.പി. രാജേഷിന്റെ ഏകോപനത്തിൽ ഡോ. പ്രജീഷ് ജോൺ, ഡോ.എ.ജി.ശ്രീജിത്ത്, ഡോ. നയീം എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 8 കോടി രൂപയും മന്ത്രി ഒ.ആർ.കേളു എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ചെലവിട്ടാണ് കാത്ത് ലാബ് ഒരുക്കിയത്. ഹൃദ്രോഗ വിഭാഗത്തിനായി ഒ.ആർ.കേളു എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 2.67 കോടി ചെലവിട്ട് അത്യാധുനിക എക്കോ മെഷീൻ, ടിഎംടി മെഷീൻ, ഹോൾട്ടർ മോണിറ്ററിങ് സംവിധാനം എന്നിവയും സജ്ജമാക്കി.
ഹൃദ്രോഗ വിഭാഗത്തിൽ ഒരു അസി. പ്രഫസർ അടക്കം 3 ഹൃദ്രോഗ വിദഗ്ധന്റെ സേവനവും ഇപ്പോൾ മെഡിക്കൽ കോളജിൽ ലഭ്യമാണ്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒപിയിൽ ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭിക്കും.ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് അഭിമനാകരമായ നിമിഷമാണെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. കാത്ത് ലാബ് പൂർണ സജ്ജമാക്കുന്നതിനായി നിരന്തര ഇടപെടലകൾ സർക്കാർ നടത്തി വന്നിരുന്നുണ്ട്.