വയനാട്ടിൽ മോദി വന്ന് എല്ലാം കണ്ടറിഞ്ഞു, പക്ഷേ സഹായം മാത്രം വന്നുകണ്ടില്ല; എന്നു പ്രഖ്യാപിക്കും?
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തമുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും ധനസഹായം പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ. അടുത്തിടെ പ്രകൃതിദുരന്തങ്ങളുണ്ടായ സംസ്ഥാനങ്ങൾക്കുൾപെടെ ദേശീയ ദുരന്തപ്രതികരണനിധിയിൽനിന്നു കഴിഞ്ഞദിവസം വിഹിതം അനുവദിച്ചപ്പോൾപോലും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ പരിഗണിക്കാതിരുന്നതിൽ കനത്ത പ്രതിഷേധമാണുയരുന്നത്. ബിജെപി ഭരണത്തിലുള്ള ഗുജറാത്ത്, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങൾക്കായി യഥാക്രമം 600 കോടി, 50 കോടി, 25 കോടി എന്നിങ്ങനെ മുൻകൂറായി അനുവദിക്കാനാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിനു ശേഷം പ്രകൃതിദുരന്തങ്ങളുണ്ടായ ആന്ധ്രപ്രദേശ്, ത്രിപുര, അസം, സിക്കിം, തെലങ്കാന സംസ്ഥാനങ്ങൾക്ക് ഉടനടി കേന്ദ്രസഹായവും ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കുമായി 3448 കോടി രൂപയും ത്രിപുരയ്ക്കു 40 കോടി രൂപയും അസമിനും സിക്കിമിനുമായി 11000 കോടി രൂപയുമാണ് അടിയന്തരമായി അനുവദിച്ചത്. എന്നാൽ, ദുരന്തമുണ്ടായി 11 ദിവസത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടെത്തി മുണ്ടക്കൈ–ചൂരൽമല ദുരന്തഭൂമി സന്ദർശിക്കുകയും സഹായവാഗ്ദാനം നടത്തുകയും ചെയ്തിട്ടും കേരളത്തിനു പണമൊന്നും ലഭിച്ചില്ല.
പുനർനിർമാണത്തിനു ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും സംസ്ഥാനം വിശദമായ നിവേദനം തന്നാൽ ഫണ്ട് അനുവദിക്കുമെന്നുമാണു വയനാട് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഓഗസ്റ്റ് 17ന് 1202 കോടി രൂപയുടെ പ്രാഥമിക ധനസഹായത്തിനുള്ള നിവേദനം സംസ്ഥാനസർക്കാർ നൽകുകയും ചെയ്തു.ദുരിതബാധിതരെ ക്യാംപുകളിലും ആശുപത്രികളിലും നേരിൽക്കണ്ട നരേന്ദ്രമോദി നിശ്ചയിച്ചതിലും ഏറെസമയം വയനാട്ടിൽ ചെലവഴിച്ചും കലക്ടറേറ്റിലെ അവലോകനയോഗത്തിൽ പങ്കെടുത്തുമാണു മടങ്ങിയത്.
പ്രധാനമന്ത്രി നിർദേശിച്ചതു പ്രകാരം കഴിഞ്ഞ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി വിശദമായ നിവേദനം തയാറാക്കി നൽകിയിരുന്നു. എന്നിട്ടും പ്രത്യേക ധനസഹായം അനുവദിക്കണമെങ്കിൽ, സംസ്ഥാന സർക്കാർ നിയോഗിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട് കൂടി വേണമെന്ന നിലപാടിലാണു കേന്ദ്രമെന്നാണു സൂചന. എന്നാൽ, മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തരധനസഹായവും മുൻകൂർ ധനസഹായവുമെല്ലാം പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കാത്ത മാനദണ്ഡങ്ങൾ കേരളത്തിനു മാത്രമായി ബാധകമാകുന്നതെങ്ങനെയെന്ന ചോദ്യമാണുയരുന്നത്.
സഹായ വിതരണം തകിടംമറിയും
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതു ദുരിതബാധിതർക്കുള്ള ധനസഹായവിതരണവും പ്രതിസന്ധിയിലാക്കും. ജീവനോപാധി നഷ്ടമായ കുടുംബങ്ങൾക്കുള്ള പ്രതിദിന സഹായം തുടരണമെങ്കിൽ കേന്ദ്രസഹായം കൂടിയേ തീരൂ. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് പരമാവധി 30 ദിവസം മാത്രമേ സംസ്ഥാനത്തിന് ധനസഹായം നൽകാനാകൂ.
താൽക്കാലിക പുനരധിവാസം പൂർത്തിയാക്കി ക്യാംപുകൾ അവസാനിപ്പിച്ച 24 മുതൽ പ്രതിദിന ധനസഹായവിതരണം സംസ്ഥാന സർക്കാർ തുടരുന്നുണ്ട്. പ്രതിദിനം 300 രൂപ വീതമാണു ദുരന്തബാധിതർക്കായി വിതരണം ചെയ്യുന്നത്. കേന്ദ്രസഹായം ഇനിയും വൈകിയാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി യോഗം ചേർന്ന് പ്രതിദിന സഹായ വിതരണം 60 ദിവസത്തേക്കു കൂടി തുടരാൻ തീരുമാനമെടുക്കേണ്ടിവരും.