ഉരുൾപൊട്ടൽ: വീടും സ്ഥലവും നഷ്ടപ്പെട്ട സേനാംഗങ്ങൾക്ക് പൊലീസിന്റെ കൈത്താങ്ങ്
Mail This Article
മീനങ്ങാടി∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ (കെപിഎച്ച്സിഎസ്) കൈത്താങ്ങ്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ വീട് നിർമിക്കുന്നതിനായി കെപിഎച്ച്സിഎസ് വാങ്ങി നൽകിയ മീനങ്ങാടി പാലക്കമൂലയിലെ 27.5 സെന്റ് സ്ഥലത്തിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.
കൽപറ്റ പൊലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ബിൻസിയ നസ്രിൻ, കോഴിക്കോട് സിറ്റിയിലെ ഷിഹാബുദ്ദീൻ എന്നിവർക്കാണ് കരുതലായത്. ഓരോരുത്തർക്കും ഒൻപത് സെന്റിന് മുകളിൽ ലഭ്യമാക്കുന്ന ഭൂമിയുടെ ആധാരം മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മന്ത്രി ഒ.ആർ.കേളു കൈമാറി. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് വീട് നിർമാണം എറ്റെടുത്തിരിക്കുന്നത്. സർവീസിലിരിക്കെ മരിച്ച ബത്തേരി പൊലീസ് സ്റ്റേഷനിലെ ജിൻസൻ സണ്ണിയുടെ സിപിഎഎസ് ആനുകൂല്യവും ചടങ്ങിൽ വച്ചു കൈമാറി.
കെപിഎച്ച്സിഎസ് വൈസ് പ്രസിഡന്റ് സി.ആർ.ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയായി. കെപിഎച്ച്സിഎസ് ഡയറക്ടർ പി.സി.സജീവ് സ്വാഗതവും കെപിഎച്ച്സിഎസ് സെക്രട്ടറി സാലിമോൾ കോശി നന്ദിയും പറഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ, കെപിഎച്ച്സിഎസ് സമിതി ഭാരവാഹികൾ, കേരള പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ, സംസ്ഥാന ഭാരവാഹികൾ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ നേർന്നു.